ന്യൂഡൽഹി> നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ദക്ഷിണാഫ്രിക്ക എത്തുന്നു. ബാറ്റെടുത്തവരെല്ലാം തീയുണ്ട പായിച്ചപ്പോൾ ലോകകപ്പിലെ റെക്കോഡുകൾ മായ്ച്ച് ആഫ്രിക്കൻ വിളംബരം. ‘സൂക്ഷിക്കുക, ഞങ്ങളെ ഭയക്കണം. ഇത്തവണ രണ്ടും കൽപ്പിച്ചാണ്’! ശ്രീലങ്കയ്ക്കെതിരെ കുറിച്ചത് ലോകകപ്പിലെ എക്കാലത്തേയും ഉയർന്ന സ്കോർ, 5–-428. മൂന്നുപേർ സെഞ്ചുറി നേടി. ക്വിന്റൺ ഡി കോക്ക് (84 പന്തിൽ 100), റാസി വാൻഡെർ ദുസെൻ (110 പന്തിൽ 108), എയ്ദൻ മാർക്രം (54 പന്തിൽ 106). ഇതിൽ മാർക്രം 49 പന്തിലാണ് മൂന്നക്കം കണ്ടത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 14 സിക്സറും 45 ബൗണ്ടറിയുമാണ് ദക്ഷിണാഫ്രിക്ക നേടിയത്. മറുപടിയിൽ ലങ്ക 326 റണ്ണിൽ അവസാനിപ്പിച്ചു. ആഫ്രിക്കൻ ജയം 102 റണ്ണിന്. സ–്–കോർ: ദ. ആഫ്രിക്ക 5–428, ലങ്ക 326 (44.5). കളിയിലാകെ 754 റണ്ണാണ് പിറന്നത്. ഇത് ലോകകപ്പിലെ റെക്കോഡാണ്.
2015ൽ അഫ്ഗാനെതിരെ ഓസ്ട്രേലിയയുടെ പേരിലുണ്ടായിരുന്ന 417 റൺ റെക്കോഡാണ് ദക്ഷിണാഫ്രിക്ക തിരുത്തിയത്. ടോസ് നേടിയ ബൗളിങ് തെരഞ്ഞെടുത്ത ലങ്കൻ ക്യാപ്റ്റൻ ദാസുൺ ഷനകയ്ക്ക് തുടക്കം ആഹ്ലാദത്തിന്റേതായിരുന്നു. ക്യാപ്റ്റൻ ടെംബ ബവുമ (8) സ്കോർ പത്തായപ്പോഴക്കും പുറത്തായി. എന്നാൽ ഡി കോക്കും വാൻഡെർ ദുസെനും ചേർന്ന് പിന്നീട് റൺമഴ പെയ്യിച്ചു. രണ്ടാംവിക്കറ്റിൽ 204 റൺ പിറന്നു. നാലാമതെത്തിയ മാർക്രവും അടങ്ങിയിരുന്നില്ല. അയർലൻഡിന്റെ കെവിൻ ഒ ബ്രയ്നിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. 2011ൽ ഇംഗ്ലണ്ടിനെതിരെ 50 പന്തിൽ നൂറടിച്ചിരുന്നു ഈ ഐറിഷുകാരൻ.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്–ക്കായി കുശാൽ മെൻഡിസ് (42 പന്തിൽ 76) വെടിക്കെട്ട് നടത്തി. എട്ട് സിക്–സറുകളാണ് മൂന്നാമനായെത്തി കുശാൽ പറത്തിയത്. ചരിത് അസലങ്ക (65 പന്തിൽ 79), ക്യാപ്റ്റൻ ദാസുൺ ഷനക (62 പന്തിൽ 68) എന്നിവരും ഒരു കെെ നോക്കിയെങ്കിലും മതിയായില്ല. ദക്ഷിണാഫ്രിക്കയ്–ക്കായി പേസർ ജെറാൾഡ് കോട്സി മൂന്ന് വിക്കറ്റ് വീ–ഴ്–ത്തി. ദക്ഷിണാഫ്രിക്ക 12ന് ഓസ്ട്രേലിയയെയും ലങ്ക ചൊവ്വാഴ്–ച പാകിസ്ഥാനെയും നേരിടും.















