ധർമശാല> ഓൾറൗണ്ട് പ്രകടനത്തോടെ മെഹ്ദി ഹസ്സൻ മിറാസ് മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ അയൽക്കാരായ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ് ലോകകപ്പിൽ ഗംഭീരമായി തുടങ്ങി. അഫ്ഗാൻ ഉയർത്തിയ 157 റൺ വിജയലക്ഷ്യം 92 പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. മൂന്ന് വിക്കറ്റും 57 റണ്ണുമായി മിറാസ് കളിയിലെ താരമായി. സ്കോർ: അഫ്ഗാൻ 156 (37.2), ബംഗ്ലാദേശ് 4–-158 (34.4).
ഓപ്പണർമാരായ റഹ്മത്തുള്ള ഗുർബാസ് (47), ഇബ്രാഹിം സദ്രാൻ (22) എന്നിവർ നൽകിയ മികച്ച തുടക്കം മുതലാക്കാൻ അഫ്ഗാനായില്ല. ഏഴാമനായി ഇറങ്ങിയ അസ്മത്തുള്ള ഒമറാനിയാണ് (20 പന്തിൽ 22) സ്കോർ 150 കടത്തിയത്. മറുപടി ബാറ്റിങ്ങിനെത്തിയ ബംഗ്ലാദേശിന് ഓപ്പണർമാരെ പെട്ടന്ന് നഷ്ടപ്പെട്ടെങ്കിലും മെഹ്ദി ഹസ്സൻ മിറാസിന്റെയും നജ്മുൾ ഹൊസൈൻ ഷാന്റോയുടെയും (59) മികവിൽ അനായാസം ലക്ഷ്യം മറികടന്നു. ചൊവ്വാ–ഴ്–ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടുമായാണ് ബംഗ്ലാദേശിന്റെ അടുത്ത കളി. അഫ്ഗാൻ 11ന് ഡൽഹിയിൽ ഇന്ത്യയുമായി ഏറ്റുമുട്ടും.















