തിരുവനന്തപുരം> മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെതിരായ കൈക്കൂലിയാരോപണ ഗൂഢാലോചനയിൽ ചില മാധ്യമങ്ങൾക്കും പങ്ക്. റിപ്പോർട്ടർ ചാനൽ പുറത്തുവിട്ട ബ്രേക്കിങ് വാർത്തയിലെ വസ്തുതകൾ അന്വേഷിക്കാൻ ശ്രമിക്കാതെ മറ്റു ചില മാധ്യമങ്ങൾ ഏറ്റെടുത്തത് ഗൂഢാലോചനയുടെ ഭാഗം.
കോൺഗ്രസുകാരനും തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ഹരിദാസന്റെ ആരോപണം വൻ ബ്രേക്കിങ് ആക്കിയ ദിവസംതന്നെ അത് പൊളിഞ്ഞിരുന്നു. സെക്രട്ടറിയറ്റിൽവച്ച് കൈക്കൂലിയെന്നാണ് ഹരിദാസൻ വെളിപ്പെടുത്തിയത്. എന്നാൽ, ആ ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിലായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. സംഘത്തിൽപ്പെട്ട ലെനിൻ രാജിന്റെ ‘ലൈവ് ഓഡിയോ’ പുറത്തുവന്നതോടെ ചാനൽ ലേഖകനുള്ള പങ്ക് വ്യക്തമായി. തെളിവുകൾ പുറത്തുവന്നിട്ടും വാർത്ത ആദ്യംമുതൽ റിപ്പോർട്ട് ചെയ്ത ഇതേ ലേഖകനോ ചാനലോ തങ്ങളുടെ വാദത്തിൽനിന്ന് പിന്മാറിയില്ല. പേഴ്സണൽ സ്റ്റാഫിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ മന്ത്രിയുടെ പ്രതികരണം തേടണമെന്ന സാമാന്യ മാധ്യമ മര്യാദ പാലിക്കാതിരുന്നത് മനപ്പൂർവമാണെന്നും വ്യക്തം.
കൈക്കൂലി കൊടുത്തു എന്ന കള്ളം ഹരിദാസൻ ആവർത്തിക്കുകയും തെളിവുകൾ എതിരായപ്പോൾ മൊഴിമാറ്റുകയും ചെയ്തതോടെ പിന്നാമ്പുറ ഗൂഢാലോചന ചെറുതല്ലെന്ന് ബോധ്യപ്പെട്ടു. പണം കൊടുത്ത സമയം മാറുന്നു, സ്ഥലം മാറുന്നു, കണ്ണ് കാണില്ലെന്ന് വാദിക്കുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ മുങ്ങുന്നു.
വസ്തുതാപരമായ ആരോപണങ്ങൾ ഒന്നും ഉന്നയിക്കാനില്ലാത്തതിനാൽ കള്ളക്കഥകൾ പതിവാണെങ്കിലും അത് കൈയോടെ പിടികൂടിയത് പ്രതിപക്ഷ മാധ്യമ സംഘത്തിന് വൻ തിരിച്ചടിയായി.മുഖ്യപ്രതിയെ മുങ്ങാൻ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. മാധ്യമ ഗൂഢാലോചനയില്ലെന്ന് താൻ പറഞ്ഞതായി നൽകിയ തെറ്റായവാർത്ത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ റിപ്പോർട്ടർ ചാനലിന് കത്ത് നൽകി.