തിരുവനന്തപുരം> സർക്കാരിന്റെ വികസന ക്ഷേമ നടപടികൾ ജനങ്ങളിലേക്കെത്തിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും മന്ത്രിസഭതന്നെ നേരിട്ടെത്തുമ്പോൾ അതിനെതിരെ ഒരു മുദ്രാവാക്യംപോലും മുന്നോട്ട് വയ്ക്കാനില്ലാത്ത ജാഥ നടത്താൻ കെപിസിസി. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗം പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ സംസ്ഥാന ജാഥ പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചിട്ടുള്ളത്. എന്തിനാണ് രാജിവയ്ക്കേണ്ടതെന്ന് ഒരിടത്തും പറയുന്നില്ല. മികച്ച ഭൂരിപക്ഷമുള്ള സർക്കാരിനെതിരെ മാധ്യമങ്ങളുടെ ഒത്താശയോടെ പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സമീപകാലത്ത് തെളിഞ്ഞു. എഐ കാമറ പദ്ധതി അഴിമതിയാണെന്ന് പ്രചരിപ്പിച്ചവർക്ക് ഹൈക്കോടതിയും പദ്ധതി പകർത്താൻ വന്ന മറ്റ് സംസ്ഥാനങ്ങളും മറുപടി നൽകി.
വ്യാജസൃഷ്ടികൾ വേരോടുന്നില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെയും ആക്രമിച്ചു. അതിന്റെ തുടർ അധ്യായമായിരുന്നു മാസപ്പടി ആരോപണം. കേന്ദ്രഭരണ സംവിധാനവും കോൺഗ്രസ് നേതൃത്വവും ചില മാധ്യമങ്ങളും ചേർന്ന് രൂപപ്പെടുത്തിയ കഥയും പൊളിഞ്ഞു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൊണ്ടുവന്ന കൈക്കൂലി വിവാദംകൂടി എട്ടു നിലയിൽ പൊട്ടിയതോടെ പ്രതിപക്ഷത്തിന്റെ അവസ്ഥ ദയനീയമായി. ഒപ്പം കോൺഗ്രസിലെ പ്രധാന നേതാക്കൾ തമ്മിലുള്ള അധികാരത്തർക്കം വേറെയും. ഇക്കാര്യം മുതിർന്ന നേതാവ് എ കെ ആന്റണിക്കുതന്നെ വെട്ടിത്തുറന്ന് പറയേണ്ടിവന്നു. പാർടിക്കുള്ളിലെ കുതികാൽവെട്ടും ഗ്രൂപ്പുപോരുംമൂലം തന്ത്രങ്ങൾ മെനയാനും യൂണിറ്റുകളെ പ്രവർത്തിപ്പിക്കാനും സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കേണ്ട ഗതികേടിലാക്കി. സുനിൽ കനിഗോലു എന്ന തന്ത്രജ്ഞന്റെ കമ്പനി നിർദേശപ്രകാരമാണ് ജാഥ ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ ജാഥയാണ് ഏത് മുദ്രാവാക്യത്തിന് ഊന്നൽ നൽകണമെന്നറിയാതെ വഴിമുട്ടിനിൽക്കുന്നത്.