പലസ്തീന്റെ അസ്തിത്വംതന്നെ ചോദ്യംചെയ്തുകൊണ്ടാണ് പാശ്ചാത്യചേരിയുടെ പിന്തുണയോടെ ഇസ്രയേൽ സ്ഥാപിതമാകുന്നത്. എട്ട് പതിറ്റാണ്ട് നീളുന്ന ഈ അധിനിവേശ ചരിത്രമാണ് പലസ്തീൻ–- ഇസ്രയേൽ പോരിന് പിന്നിൽ. ഇതിൽ അറുപതിനായിരത്തിലധികം പലസ്തീനികൾക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്.
1917: ഒന്നാം ലോകയുദ്ധത്തിനിടയിൽ പലസ്തീനിൽ ജൂതർക്കായി ഒരു രാഷ്ട്രം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടൻ ‘ബാൽഫോർ പ്രഖ്യാപനം’ നടത്തി.
രണ്ടാം ലോകയുദ്ധശേഷം: പലസ്തീനിൽ പ്രത്യേക രാജ്യത്തിനായുള്ള ശ്രമം ഫലം കാണാതെ വന്നപ്പോൾ അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ ജൂതർ ഇസ്രയേൽ സ്ഥാപിച്ചു.
1947–-48: പലസ്തീനെ പ്രത്യേക ജൂത, അറബ് രാജ്യങ്ങളായി വിഭജിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകാരം നൽകി. ഇത് അറബ്–- -ഇസ്രയേൽ യുദ്ധത്തിലേക്ക് നയിച്ചു.
1949: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് വെടിനിർത്തൽ കരാർ ഒപ്പുവച്ചു. അതിർത്തികൾ നിർണയിച്ചു. വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ജോർദാന് കീഴിലും ഗാസ ഈജിപ്തിന്റെ കീഴിലുമായി.
1956: ഈജിപ്തിന്റെ സൂയസ് കനാൽ ദേശസാൽക്കരണത്തെ തുടർന്ന് രണ്ടാം ഇസ്രയേൽ– –അറബ് യുദ്ധം ഉണ്ടായി. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും പിന്തുണയോടെ ഇസ്രയേൽ ഈജിപ്ത് ആക്രമിച്ചു. സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും ഇടപെടലിലാണ് പ്രശ്നപരിഹാരമുണ്ടായത്.
1964: ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പലസ്തീൻ ജനതയെ സംഘടിപ്പിക്കാൻ പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) രൂപീകരിച്ചു.
1967: ആറു ദിവസം നീണ്ട യുദ്ധത്തിൽ ഇസ്രയേൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്പ്, ഗോലാൻ ഹൈറ്റ്സ്, സിനായ് പെനിൻസുല എന്നിവ പിടിച്ചെടുത്തു.
1994: വെസ്റ്റ് ബാങ്കിന്റെയും ഗാസ മുനമ്പിന്റെയും ഭാഗങ്ങളിലെ ഭരണകാര്യങ്ങൾക്കായി പലസ്തീനിയൻ അതോറിറ്റി (പിഎ) സ്ഥാപിച്ചു.
2000–-2005: രണ്ടാം പലസ്തീനിയൻ പ്രക്ഷോഭം ആരംഭിച്ചു.
2005: പിടിച്ചെടുത്ത് 38 വർഷത്തിനുശേഷം ഇസ്രയേൽ ഗാസ മുനമ്പിൽനിന്ന് പിൻവാങ്ങി.
2006: ഇസ്രയേലും പാശ്ചാത്യചേരിയും ഭീകരസംഘടനയായി കണക്കാക്കുന്ന ഹമാസ് പലസ്തീൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
2008–-09: ഇസ്രയേൽ ഓപ്പറേഷൻ കാസ്റ്റ് ലീഡ് ആരംഭിച്ചു. മൂന്നാഴ്ചയോളം നീണ്ട ആക്രമണത്തിൽ 1417 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു.
2012: ഹമാസിന്റെ സൈനിക മേധാവി അഹ്മദ് ജബാരിയെ ഇസ്രയേൽ വധിച്ചു.
2014: ഗാസയിൽ ഇസ്രയേൽ നടത്തിയ ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജിൽ 2310 പേർ കൊല്ലപ്പെട്ടു.
2021: മുസ്ലിങ്ങളുടെ പ്രധാന പ്രാർഥനാ കേന്ദ്രമായ കിഴക്കൻ ജറുസലേമിലെ ഡമാസ്കസ് ഗേറ്റ് പ്ലാസയിലേക്കുള്ള പ്രവേശനം ഇസ്രയേൽ തടഞ്ഞു. തുടർന്ന്, ഹമാസ് തിരിച്ചടിച്ചു. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടു.
2023 ജനുവരി: ഇസ്രയേൽ സൈന്യം അഭയാർഥി ക്യാമ്പ് ആക്രമിച്ച് ഒമ്പതു പേരെ കൊലപ്പെടുത്തി.
(തയ്യാറാക്കിയത്: റിസര്ച്ച് ഡെസ്ക്