അറബ് മണ്ണിൽ പലസ്തീൻ വെട്ടിമുറിച്ച് ജൂതരാഷ്ട്രം സ്ഥാപിക്കപ്പെട്ടതിന്റെ 75ാം വാർഷികമായിരുന്നു കഴിഞ്ഞ മെയ് 14. സ്വന്തം മണ്ണിൽ നിന്ന് അന്ന് തുരത്തപ്പെട്ട പലസ്തീൻ അറബ് ജനത സ്വന്തമായി ഒരു രാജ്യമില്ലാതെ ലോകത്തിന്റെ പല കോണുകളിൽ അഭയാർഥികളാക്കപ്പെട്ടിട്ടും മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു. അതുണ്ടാക്കിയ പൊട്ടിത്തെറിയാണ് ഒരു ചാക്രിക പ്രക്രിയ പോലെ മധ്യപൗരസ്ത്യദേശത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ഭൂരിപക്ഷ യൂറോപ്യൻ രാജ്യങ്ങളിൽ മൃഗങ്ങളെ പോലെ വേട്ടയാടപ്പെട്ട ജൂതർക്കായി പശ്ചിമേഷ്യയിൽ ഒരു രാജ്യം സ്ഥാപിക്കുന്നതിനെ മഹാത്മാ ഗാന്ധിയെപ്പോലെ വിവേകമതികളായ ലോകതന്ത്രജ്ഞർ എന്നും എതിർത്തതാണ്. ഫ്രാൻസ് ഫ്രഞ്ചുകാർക്കും ബ്രിട്ടൻ ബ്രിട്ടീഷുകാർക്കും എന്നപോലെ പലസ്തീൻ പലസ്തീൻകാർക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. എന്നാൽ നാസി ജർമനിയിലും മറ്റും ഭീകര വംശഹത്യയ്ക്ക് ഇരയായ ജൂതജനതയോട് ലോകത്തിനുണ്ടായ സഹതാപം മുതലാക്കാനാണ് രണ്ടാം ലോകയുദ്ധത്തിലെ വിജയികളിലുൾപ്പെട്ട കൊളോണിയൽ ശക്തികൾ തീരുമാനിച്ചത്. പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഇംഗിതം ബാൽഫൂർ പ്രഖ്യാപനത്തിലൂടെ 1917ൽ തന്നെ ബ്രിട്ടൻ പരസ്യമാക്കിയിരുന്നു. യൂറോപ്പിലെ ‘ജൂതപ്രശ്ന’ത്തിന് പരിഹാരം കാണുന്നതിനൊപ്പം തങ്ങളുടെ വാഴ്ച അവസാനിച്ചാലും പഴയ കോളനികളിൽ അനന്തമായ കുഴപ്പങ്ങൾക്ക് വിത്തിടുകയും അവരുടെ താൽപര്യമായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ സംഭവിച്ചതുപോലെ പലസ്തീനിലും പരസ്പരം പോരടിക്കുന്ന അയൽക്കാരെ സൃഷ്ടിച്ചാണ് ബ്രിട്ടൻ കെട്ടുകെട്ടിയത്.
19ാം നൂറ്റാണ്ടിന്റെ അവസാനംമുതൽ തന്നെ യൂറോപ്പിലെ അതിക്രമങ്ങൾ മൂലം ജൂതർ പലസ്തീനിലേക്കും അമേരിക്കയിലേക്കും മറ്റും കുടിയേറിക്കൊണ്ടിരുന്നു. എന്നിട്ടും പലസ്തീൻ വിഭജനസമയത്ത് ജനസംഖ്യയിൽ 30 ശതമാനത്തോളം മാത്രമായിരുന്നു ജൂതർ. പക്ഷേ ‘യുഎൻ’ തയ്യാറാക്കിയ വിഭജനപദ്ധതി പ്രകാരം ഭൂമിയിൽ 56 ശതമാനവും ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കാൻ നൽകിയതോടെ പ്രശ്നത്തിന് തുടക്കമായി. ഇതിനെതിരെ അറബ്രാജ്യങ്ങൾ യുദ്ധമാരംഭിച്ചെങ്കിലും കൂടുതൽ പലസ്തീൻപ്രദേശങ്ങൾ പിടിച്ചെടുത്ത് 80 ശതമാനം ഭൂമിയും ഇസ്രയേൽ സ്വന്തമാക്കുകയായിരുന്നു. അന്നുണ്ടായ പലസ്തീൻ ജനതയിൽ പകുതിയോളം പേർക്ക് നാടുവിടേണ്ടിവന്നു. 7,11,000 പലസ്തീൻകാർ ഇത്തരത്തിൽ അഭയാർഥികളായി എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. പതിനായിരക്കണക്കിന് പലസ്തീൻകാർ കൊല്ലപ്പെടുകയും ചെയ്തു.
ഇന്ത്യയടക്കം ജൂതർക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിൽനിന്ന് പോലും ജൂതർ ഇസ്രയേലിലേക്ക് കുടിയേറിയതോടെ
അവശേഷിക്കുന്ന പലസ്തീൻ ഭൂമിയും ദിവസേനയെന്നൊണം ഇസ്രയേൽ കൈയേറിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ ബുൾഡോസർ ഉപയോഗിച്ചുപോലും ചതച്ചരയ്ക്കുന്നതിനും ലോകം പലവട്ടം സാക്ഷിയായി. ഏക ജൂതരാഷ്ട്രമാണ് ഇസ്രയേൽ എന്ന് പറയപ്പെടുന്നുവെങ്കിലും ലോകത്തെ ജൂതജനസംഖ്യയിൽ (1.57 കോടി) 44 ശതമാനം മാത്രമാണ് അവിടെയുള്ളത്. 69 ലക്ഷം ജൂതർ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. 57 ലക്ഷത്തിലധികം ജൂതർ അമേരിക്കയിലുണ്ട്. ഈ ജൂതജനസംഖ്യയെ ആയുധമാക്കിയാണ് അമേരിക്കൻ സർക്കാരുകളെ എല്ലാകാലത്തും ഇസ്രയേൽ എന്ന ചെറുരാഷ്ട്രം നിയന്ത്രിച്ചുപോ
രുന്നത്. ഇസ്രയേലി അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ട എല്ലാ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്യുന്നതിന് കാരണവും മറ്റൊന്നല്ല. അതുകൊണ്ട് അവിഭക്ത പലസ്തീൻ വിഭജനത്തിന് പ്രധാന ഉത്തരവാദി ബ്രിട്ടനായിരുന്നെങ്കിൽ മേഖലയിൽ അശാന്തി അനന്തമായി തുടരുന്നതിൽ ഒന്നാം പ്രതിസ്ഥാനത്ത് അമേരിക്കയാണ്.
നെതന്യാഹുവിന് രക്ഷാവള്ളി
ഇസ്രയേലിനകത്ത് ശക്തമായ എതിർപ്പ് നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് എപ്പോഴുമെന്നപോലെ പിടിവള്ളിയാണ് പുതിയ സംഘർഷവും. അഴിമതിക്കേസുകളിൽ തടവറ ഒഴിവാക്കാൻ അധികാരം അനിവാര്യമായ നെതന്യാഹു നീതിപീഠത്തെയും നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനെതിരെ നാട്ടിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് യുദ്ധമാരംഭിച്ചിരിക്കുന്നത്. കോടതി വിധികളെ മറികടക്കാൻ പാർലമെന്റിനും ജഡ്ജിമാരെ നിയമിക്കാൻ സർക്കാരിനും അധികാരം നൽകുന്ന നിയമപരിഷ്കാരങ്ങൾ നെതന്യാഹു കൊണ്ടുവന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ സമാനരായ ഏത് ഫാസിസ്റ്റിനെയും പോലെ യുദ്ധഭ്രാന്തിളക്കി തൽക്കാലം പിടിച്ചുനിൽക്കാൻ നെതന്യാഹുവിനാവും. പലസ്തീൻകാർ അനുഭവിക്കുന്ന ദുരിതം തുടരുകയും ചെയ്യും.
ആരാണ് ഹമാസ്
ഇസ്രയേലിന്റെ അധിനിവേശത്തിൽനിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുത്ത് സ്വതന്ത്ര രാജ്യമാക്കാൻ വേണ്ടി രൂപംകൊണ്ട സംഘടനയാണ് ഹമാസ്. ഈജിപ്ത്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ ഒരു വിങ്ങായാണ് പ്രവർത്തനം. ഇസ്ലാമിക ചെറുത്തുനിൽപ്പ് പ്രസ്ഥാനം എന്നർഥം വരുന്ന “ഹറകത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ’ എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. 1987ൽ ഒന്നാം ഇന്തിഫാദ എന്നറിയപ്പെടുന്ന ബഹുജനകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്തു. 2006ൽ നടന്ന പലസ്തീൻ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി. ഇസ്രയേലും അമേരിക്കയുമടക്കമുള്ള പാശ്ചാത്യരാജ്യങ്ങളും ഭീകരവാദ സംഘടനയുടെ പട്ടികയിലാണ് ഹമാസിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഗാസയുടെ നിയന്ത്രണം ഹമാസിന്റെ നിയന്ത്രണത്തിലാണ്.