ഗാസ- / ടെൽ അവീവ് > പലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത കടന്നാക്രമണത്തിനുപിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി ഇസ്രയേൽ. ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ മധ്യപൗരസ്ത്യദേശം വീണ്ടും സംഘർഷമേഖലയാക്കി.
ഇസ്രയേൽ അതിർത്തികടന്ന് ദക്ഷിണ മേഖലയിൽ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ മേയറടക്കം 100 പേർ കൊല്ലപ്പെട്ടു. 545 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. നിരവധി ഇസ്രയേൽ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. തിരിച്ചടിച്ച ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ ബോംബാക്രമങ്ങളിൽ മാധ്യമപ്രവർത്തകൻ അടക്കം 198 പേർക്ക് ജീവൻ നഷ്ടമായി. 1600 പേർക്ക് പരിക്കേറ്റു. ജൂതവിഭാഗത്തിന്റെ പ്രാർഥനാദിവസമായ (സിംചാറ്റ് തോറ ) ശനിയാഴ്ച രാവിലെയാണ് ഹമാസ് പതിറ്റാണ്ടിലെ ഏറ്റവും വലിയ ആക്രമണം അഴിച്ചുവിട്ടത്.
ഗാസ മുനമ്പിൽനിന്ന് ശനിയാഴ്ച രാവിലെ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇസ്രയേലിലേക്ക് ഹമാസ് സായുധസംഘങ്ങൾ കടന്നുകയറി. രാവിലെ ഏഴിന് അയ്യായിര-ത്തിലധികം റോക്കറ്റുകളാണ് ഇസ്രയേലിൽ പതിച്ചത്. പാരാഗ്ലൈഡറുകളിലൂടെയും അതിർത്തി വേലികൾ തകർത്ത് എസ്യുവികളിലും ബൈക്കുകളിലുമായും അതിർത്തി കടന്ന് ഹമാസ് സായുധസംഘം വ്യാപകമായി ആക്രമണം നടത്തി. ഇസ്രയേൽ സൈനികരെയും പൗരരെയും ലക്ഷ്യമിട്ട് വ്യാപകമായ വെടിവയ്പുണ്ടായി. അഷ്ഖലോൺ, ടെൽ അവീവ്, റിഷാൺ, റാംല, യാവ്നെ, അഷ്ദോദ്, ഫാർ അവീവ്, ജെറുസലേം, ബത്ലഹേം, ബീർഷബ എന്നിവിടങ്ങളിലാണ് ഹമാസ് ആക്രമണം നടന്നത്.
ഇസ്രയേൽ തുടരുന്ന നിരന്തര ആക്രമണങ്ങൾക്കും അധിനിവേശത്തിനും അവസാനം കാണാനുള്ള പോരാട്ടമാണ് ‘ അൽ–- അഖ്സ സ്റ്റോം’ എന്ന പേരിൽ തുടങ്ങിയതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് ഡീഫ് അവകാശപ്പെട്ടു. സ്വാതന്ത്ര്യമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അവർ പ്രതികരിച്ചു. അപ്രതീക്ഷിത ആക്രമണത്തിലും വൻ രഹസ്യാന്വേഷണ–-സുരക്ഷാ വീഴ്ചയിലും ഇസ്രയേൽ പകച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ടെൽ അവീവിൽ അടിയന്തര യോഗം വിളിച്ചു. ‘നമ്മൾ യുദ്ധത്തിലാണ്, അത് വിജയിക്കും’എന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ അയൺ സ്വോർഡ്’ എന്നപേരിൽ പ്രത്യാക്രമണം നടത്തിയ ഇസ്രയേൽസേന ഹമാസിന്റെ 21 ശക്തികേന്ദ്രം ആക്രമിച്ചു. സ്ദെറോട്ടിലെ പൊലീസ് സ്റ്റേഷൻ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായി ഇസ്രയേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പിൽനിന്ന് 80 കിലോമീറ്റർ പരിധിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലി സൈനികരെ പിടികൂടി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിൽ തടവിലുള്ള പലസ്തീൻതടവുകാരുടെ മോചനം ഉറപ്പാക്കാൻ വേണ്ടത്ര ഇസ്രയേലുകാർ പിടിയിലായെന്ന് ഹമാസ് പ്രതികരിച്ചു.
പലസ്തീൻ ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട അതിജീവന സമരം പുതിയഘട്ടത്തിലേക്കാണ് കടക്കുന്നത്. പുണ്യസ്ഥലമായ അൽ അഖ്സയിലടക്കം ഇസ്രയേൽ നിരന്തരം തുടരുന്ന പ്രകോപനങ്ങളും കൊലപാതകങ്ങളുമാണ് സ്വതന്ത്ര പലസ്തീനുവേണ്ടി പോരാടുന്ന ഹമാസിന്റെ കടന്നാക്രമണത്തിലേക്ക് നയിച്ചത്. ഈ വർഷം ഇതുവരെമാത്രം 247 പലസ്തീൻകാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
എയർ ഇന്ത്യ സർവീസ് റദ്ദാക്കി
സംഘർഷം രൂക്ഷമായതിനാൽ ന്യൂഡൽഹിയിൽനിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. കൂടുതൽ വിവരങ്ങൾക്ക് www.oref.org.il/en വെബ്സൈറ്റ് സന്ദർശിക്കാം. ഹെൽപ്ലൈൻ നമ്പർ: +97235226748. ഇസ്രയേലിലെ 7000ത്തോളം മലയാളികൾ സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു.
ഇസ്രയേലിനെ പിന്തുണച്ച് മോദി
ഹമാസ്–- ഇസ്രയേൽ സംഘർഷത്തിൽ ഇസ്രയേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഞങ്ങൾ ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’– -മോദി എക്സിൽ കുറിച്ചു.