ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ കോർട്ടിൽ മലയാളിതാരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലത്തിളക്കം. 41 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മെഡൽ ലഭിക്കുന്നത്. 1982 ഡൽഹി ഏഷ്യൻ ഗെയിംസിലാണ് പുരുഷ ബാഡ്മിന്റണിൽ അവസാനമായി മെഡൽ കിട്ടിയത്. ആ വർഷം സയിദ് മോദിക്കാണ് വെങ്കലം.
പരിക്ക് വലച്ചിരുന്ന പ്രണോയ് സെമിയിൽ ചൈനയുടെ ഷിഫെങ് ലിയോട് 21–-16, 21–-9ന് തോറ്റു. സെമിയിലെത്തുന്നവർക്ക് വെങ്കലമുണ്ട്. ഈ സീസണിൽ മികച്ച ഫോമിലുള്ള തിരുവനന്തപുരത്തുകാരൻ പുരുഷ ഡബിൾസിൽ വെള്ളി നേടിയ ടീമിലുണ്ടായിരുന്നു. പരിക്കുമൂലം ഡബിൾസ് ഫൈനലിൽ ഇറങ്ങിയിരുന്നില്ല. മുപ്പത്തൊന്നുകാരൻ ലോക റാങ്കിങ്ങിൽ ആറാമതാണ്.
പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ്–-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ കടന്നു. മലേഷ്യയുടെ ടെങ് ഫോങ് ചിയ–-വൂയി യിക് കൂട്ടുകെട്ടിനെ 21–-17, 21–-12ന് തോൽപിച്ചു. ഇന്ന് ഫൈനലിൽ ദക്ഷിണകൊറിയയുടെ സോൾജിയു–-വോനോ കിം കൂട്ടുകെട്ടിനെ നേരിടും.