തിരുവനന്തപുരം
മണ്ഡലം പുനഃസംഘടന ഇനിയും പൂർത്തിയാക്കാത്തതിൽ പ്രതിഷേധവുമായി നേതാക്കൾ. ഗ്രൂപ്പുകൾക്കതീതമെന്ന് പറയുന്നവർ സ്വന്തം അനുയായികളെ പട്ടികയിൽ ഉറപ്പാക്കുകയും സാമുദായിക സന്തുലനം അട്ടിമറിക്കുകയും ചെയ്തതാണ് പ്രശ്നം. ഇത് തിരിച്ചടിക്കുമെന്ന് നേതാക്കൾ കെപിസിസി യോഗത്തിലും മുന്നറിയിപ്പു നൽകി.
തിരുവനന്തപുരത്തടക്കം രമേശ് ചെന്നിത്തലയോടൊപ്പം നിൽക്കുന്നവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്നുവെന്നും പരാതിയുണ്ട്. കോൺഗ്രസ് നിയോഗിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനിഗോലു നിർദേശിച്ച ‘സോഷ്യൽ എൻജിനിയറിങ്’ ആദ്യം അട്ടിമറിക്കുന്നത് മണ്ഡലം പുനഃസംഘടനയിലായിരിക്കും. പട്ടിക പുറത്തുവരുന്നതോടെ പൊട്ടിത്തെറികൾ ഉറപ്പാണ്.
പുനഃസംഘടന 85 ശതമാനവും പൂർത്തിയാക്കിയെന്ന കെപിസിസി അധ്യക്ഷന്റെ വാദത്തെ തെളിവുകൾ നിരത്തി ഖണ്ഡിക്കുകയാണ് നേതാക്കൾ. തെക്കൻ ജില്ലകളിലെല്ലാം തർക്കം രൂക്ഷമാണ്. പ്രസിദ്ധപ്പെടുത്തിയ പട്ടിക പത്തനംതിട്ടയിലും ആലപ്പുഴയിലുമുൾപ്പെടെ മരവിപ്പിക്കേണ്ടിവന്നതും ഗ്രൂപ്പിനൊപ്പം സമുദായ സന്തുലിതാവസ്ഥ പാലിക്കാത്തതിനാലാണ്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എംപിമാർ, മുതിർന്ന നേതാക്കൾ തുടങ്ങി എല്ലാവരും തങ്ങളുടെ പട്ടിക നൽകിയതോടെ മാനദണ്ഡം കാറ്റിൽപറത്തുന്ന സ്ഥിതിയാണ്.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ശശി തരൂർ ഉൾപ്പെടെ പ്രവർത്തകസമിതിയംഗങ്ങളും ഇടപെട്ടിട്ടും തിരുവനന്തപുരത്ത് വൻ അട്ടിമറിയാണ് നടക്കുന്നത്.