ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യ ഇരട്ടസ്വർണത്തിന് അരികെയെത്തി. വനിതകൾ ഇന്ന് രാവിലെ ഏഴിന് നടക്കുന്ന ഫൈനലിൽ ചൈനീസ് തായ്പേയിയെ നേരിടും. പുരുഷന്മാർക്ക് ഫൈനലിലെ എതിരാളി നിലവിലെ ചാമ്പ്യൻമാരായ ഇറാനാണ്. പകൽ 12.30ന് മത്സരം. വനിതകൾ സെമിയിൽ 61–-17ന് നേപ്പാളിനെ തോൽപ്പിച്ചു. പുരുഷന്മാരുടെ വിജയം 61–-14ന് പാകിസ്ഥാനെതിരെയായിരുന്നു. ഇരുവിഭാഗത്തിലും തോൽവിയറിയാതെയാണ് ഇന്ത്യയുടെ പടയോട്ടം.
കബഡി മത്സരയിനമാക്കിയ 1990 മുതൽ 2014 വരെ ഇന്ത്യൻ പുരുഷ ടീമിനായിരുന്നു സ്വർണം. കഴിഞ്ഞതവണ വെങ്കലത്തിൽ ഒതുങ്ങി. ഇറാൻ സ്വർണം നേടി. ഇന്ത്യൻ വനിതകൾ 2010ലും 2014ലും സ്വർണം സ്വന്തമാക്കി. കഴിഞ്ഞതവണ ഇറാനോട് തോറ്റ് വെള്ളിയായി. ഇത്തവണ പുരുഷ ടീം അസാധ്യ ഫോമിലാണ്. ബംഗ്ലാദേശ്, തായ്ലൻഡ്, ചൈനീസ് തായ്പേയ്, ജപ്പാൻ ടീമുകളെ വലിയ വ്യത്യാസത്തിൽ കീഴടക്കി. സെമിയിൽ പാകിസ്ഥാനും പിടിച്ചുനിൽക്കാനായില്ല.
വനിതാവിഭാഗത്തിൽ ചൈനീസ് തായ്പേയിയുമായി സമനിലയോടെയാണ് (34–-34) തുടക്കം. ദക്ഷിണകൊറിയയെയും തായ്ലൻഡിനെയും പരാജയപ്പെടുത്തി. സെമിയിൽ നേപ്പാളിന് വെല്ലുവിളി ഉയർത്താനായില്ല. ചാമ്പ്യൻമാരായ ഇറാന് സെമിയിൽ അടിതെറ്റി. ചൈനീസ് തായ്പേയ് അപ്രതീക്ഷിത ജയത്തോടെ മെഡൽ പോരാട്ടത്തിന് അർഹത നേടി.
അമ്പെയ്ത് വീണ്ടും മെഡൽ
ഇന്ത്യൻ താരങ്ങൾ വീണ്ടും മെഡൽ അമ്പെയ്ത് വീഴ്ത്തുന്നു. പുരുഷൻമാരുടെ റികർവ് ടീം ഇനത്തിൽ വെള്ളിയും വനിതകൾ വെങ്കലവും സ്വന്തമാക്കി. അതാനുദാസ്, ധീരജ് ബൊമ്മദേവര, തുഷാർ പ്രഭാകർ ഷെൽകെ എന്നിവർ ഉൾപ്പെട്ട ടീം ഫൈനലിൽ ദക്ഷിണകൊറിയയോട് തോറ്റു. വനിതകൾ വിയറ്റ്നാമിനെ തോൽപ്പിച്ചാണ് വെങ്കലം നേടിയത്. അങ്കിത ഭഗത്, ഭജൻ കൗർ, സിമ്രാൻജിത് കൗർ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. അമ്പെയ്ത്തിൽ ആറ് സ്വർണം നിശ്ചയിച്ചതിൽ ഇന്ത്യയും ദക്ഷിണകൊറിയയും മൂന്നുവീതം പങ്കിട്ടെടുത്തു. കൊറിയക്ക് മൂന്ന് സ്വർണമടക്കം ആറ് മെഡൽ. ഇന്ത്യക്ക് മൂന്ന് സ്വർണവും ഓരോ വെള്ളിയും വെങ്കലവും.
അമ്പെയ്ത്തിലെ അവസാന ദിനമായ ഇന്ന് സ്വർണമടക്കം മൂന്ന് മെഡൽകൂടി പ്രതീക്ഷിക്കുന്നുണ്ട്. വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ ജ്യോതി സുരേഖ വെന്നം കൊറിയയുടെ സൊ ചയിവണിനെ നേരിടും. അദിതി ഗോപിചന്ദ് വെങ്കലമെഡലിനായും മത്സരിക്കും. പുരുഷവിഭാഗത്തിൽ സ്വർണമുറപ്പാണ്. ഫൈനൽ ഇന്ത്യക്കാർ തമ്മിലാണ്. അഭിഷേക് വർമയും പ്രവീൺ ഓജസ് ദിയോടെയ്ലും ഏറ്റുമുട്ടും.
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് : ഇന്ത്യ–
അഫ്ഗാൻ ഫൈനൽ
വനിതകൾക്കുപിന്നാലെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ സ്വർണം നേടാൻ പുരുഷ ടീമിനുമുന്നിൽ ഒരു കടമ്പ മാത്രം. സെമിയിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഇന്ന് പകൽ 11.30ന് കലാശപ്പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനാണ് എതിരാളി. കരുത്തരായ പാകിസ്ഥാനെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് അഫ്ഗാന്റെ വരവ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺ മാത്രമാണ് നേടാനായത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറും രണ്ട് വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദറുമാണ് ബംഗ്ലാദേശിനെ കുറഞ്ഞ റണ്ണിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡ് തുറക്കുംമുമ്പേ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദും (26 പന്തിൽ 40) തിലക് വർമയും (26 പന്തിൽ 55) ചേർന്ന് 64 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.
രണ്ടാം സെമിയിൽ പാകിസ്ഥാനെ 115 റണ്ണിന് എറിഞ്ഞിട്ട അഫ്ഗാനിസ്ഥാൻ 17.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയറൺ നേടി. മൂന്ന് വിക്കറ്റ് നേടിയ ഫരീദ് അഹമ്മദാണ് പാകിസ്ഥാനെ തകർത്തത്.