ഹാങ്ചൗ
പുരുഷ ഹോക്കിയിൽ സ്വർണം നേടി ഇന്ത്യ അടുത്തവർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിന് അർഹത നേടി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ 5–-1ന് തകർത്താണ് നേട്ടം. ഏഷ്യൻ ഗെയിംസിൽ നാലാംതവണയാണ് ഹോക്കിയിൽ സ്വർണം നേടുന്നത്. അവസാനത്തേത് 2014 ഗെയിംസിലാണ്. കഴിഞ്ഞതവണ വെങ്കലമായിരുന്നു.
ഇന്ത്യ സമ്പൂർണാധിപത്യം പുലർത്തിയ ഫൈനലിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ട് ഗോളടിച്ചു. മൻപ്രീത് സിങ്, അമിത് രോഹിതാസ്, അഭിഷേക് എന്നിവർ പട്ടിക പൂർത്തിയാക്കി. ഇന്ത്യ നാല് ഗോളിന് മുന്നിലെത്തിയശേഷമാണ് തനക ജപ്പാനുവേണ്ടി ആശ്വാസഗോൾ കണ്ടെത്തിയത്. തുടർച്ചയായ ഏഴാം ജയത്തോടെയാണ് സ്വർണമുറപ്പിച്ചത്. ആകെ 68 ഗോളടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് ഒമ്പതെണ്ണം. മൻപ്രീത് 12 ഗോളോടെ ടോപ്സ്കോററായി. ഹർമൻപ്രീത് പതിനൊന്നെണ്ണം നേടി. പെനൽറ്റികോർണർ ഗോളാക്കുന്നതിലെ മിടുക്കാണ് കളിയിൽ നിർണായകമായത്. മൂന്ന് ഗോൾ പെനൽറ്റി കോർണറിൽനിന്നായിരുന്നു. ഒത്തിണക്കത്തിലും പന്ത് കൈമാറ്റത്തിലും മികവുകാട്ടി. മുന്നേറ്റത്തിൽ അവസരമൊരുക്കുന്നതിനൊപ്പം പ്രതിരോധം കാത്തു. ഗോൾകീപ്പർമാരായി മലയാളിതാരം പി ആർ ശ്രീജേഷും കൃഷൻ പഥകും തിളങ്ങി. എറണാകുളത്തുകാരൻ ശ്രീജേഷിന്റെ മൂന്നാം ഗെയിംസാണ്. 2024ൽ സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. ചൈനയെ തോൽപ്പിച്ച് ദക്ഷിണകൊറിയ മൂന്നാംസ്ഥാനം നേടി. വനിതാവിഭാഗത്തിൽ ചൈനയും കൊറിയയും തമ്മിലാണ് ഫൈനൽ. വെങ്കലത്തിനായി ഇന്ത്യ ഇന്ന് ജപ്പാനോട് ഏറ്റുമുട്ടും.
ഇന്ത്യൻ ടീം: ഹർമൻപ്രീത് സിങ് (ക്യാപ്റ്റൻ), ഹാർദിക് സിങ് (വൈസ് ക്യാപ്റ്റൻ), പി ആർ ശ്രീജേഷ്, കൃഷൻ പഥക്, വരുൺകുമാർ, അമിത് രോഹിതാസ്, ജർമൻ പ്രീത് സിങ്, സഞ്ജയ്, സുമിത്, നിലാകാന്ത ശർമ, മൻപ്രീത് സിങ്, വിവേക്സാഗർ പ്രസാദ്, ഷംഷേർ സിങ്, അഭിഷേക്, ഗുർജന്ത് സിങ്, മൻദീപ് സിങ്, സുഖ്ജീത് സിങ്, ലളിത്കുമാർ ഉപാധ്യായ്. ദക്ഷിണാഫ്രിക്കക്കാരൻ ക്രെയ്ഗ് ഫുൾടനാണ് കോച്ച്.
ജേതാക്കൾക്ക്
അഞ്ച് ലക്ഷംവീതം
ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. ഓരോ കളിക്കാരനും അഞ്ച് ലക്ഷം രൂപവീതം നൽകും. സപ്പോർട്ടിങ് സ്റ്റാഫിന് രണ്ടരലക്ഷംവീതം ലഭിക്കും.