ധർമശാല
ലോകകപ്പിൽ ഇന്ന് ഏഷ്യൻ ശക്തികളുടെ ബലപരീക്ഷണം. ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ധർമശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ പത്തരയ്ക്കാണ് കളി.
കഴിഞ്ഞ ലോകകപ്പിൽ ഒരു ജയവുമില്ലാതെ മടങ്ങിയതിന്റെ നാണക്കേട് തീർക്കുകയാണ് അഫ്ഗാന്റെ ആദ്യ ലക്ഷ്യം. സ്പിന്നർമാർക്ക് വളക്കൂറുള്ള ഇന്ത്യൻ മണ്ണിൽ സെമി മോഹവും മനസ്സിലുണ്ട്. റാഷിദ് ഖാൻ–-മുജീബ് ഉർ റഹ്മാൻ സ്പിൻ സഖ്യമാണ് കരുത്ത്. നവീൻ ഉൾ ഹഖ് നേതൃത്വം നൽകുന്ന പേസ് നിരയ്ക്കും നല്ല മൂർച്ചയാണ്. ബംഗ്ലാദേശാകട്ടെ ടീമിലെ ആഭ്യന്തര കലഹങ്ങളിൽ തളർന്നാണ് വരവ്. പ്രധാന താരവും ക്യാപ്റ്റനുമായിരുന്ന തമീം ഇഖ്ബാലിനെ പുറത്തിരുത്തിയാണ് എത്തുന്നത്. പരിശീലനമത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റപ്പോൾ ശ്രീലങ്കയെ കീഴടക്കിയിരുന്നു. പരിചയസമ്പന്നനായ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന നിരയിൽ ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹീം തുടങ്ങിയ സൂപ്പർതാരങ്ങളുമുണ്ട്. അവസാനമായി ഏഷ്യാ കപ്പിൽ ഏറ്റുമുട്ടിയപ്പോൾ അഫ്ഗാനെ തോൽപ്പിച്ചിരുന്നു ബംഗ്ലാദേശ്.
ധർമശാലയിലെ പിച്ച് പേസർമാരെ തുണയ്ക്കുന്നതാണ് എന്നതും ബംഗ്ലാദേശിന് ഗുണം ചെയ്യും. ടോസ് നേടുന്നവർ ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.