ന്യൂഡൽഹി
വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന് മുഖാമുഖം. ഡൽഹി ഫിറോസ് ഷാ കോട്ലയിൽ പകൽ രണ്ടിനാണ് മത്സരം. കളത്തിൽ ഫോമിലുള്ള ദക്ഷിണാഫ്രിക്കയാണ് ഒരുപടി മുന്നിൽ. ഒരിക്കൽ ലോകകിരീടം നേടുകയും രണ്ടുതവണ റണ്ണറപ്പാകുകയും ചെയ്ത ലങ്ക പ്രതാപത്തിന്റെ നിഴലിലാണ്. ഒരുതവണ സെമിയിലെത്തിയതൊഴിച്ചാൽ നിർണായക മത്സരങ്ങളിൽ തട്ടിവീഴുന്ന ദക്ഷിണാഫ്രിക്കയെ ദൗർഭാഗ്യങ്ങളുടെ തടവിൽനിന്ന് ടെംബ ബവുമയും സംഘവും മോചിപ്പിക്കുമോയെന്നാണ് അറിയേണ്ടത്.
കഗീസോ റബാദ നയിക്കുന്ന പേസ്പടയാണ് ശക്തി. ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, എയ്ദൻ മർക്രം, ഹെൻറിച്ച് ക്ലാസെൻ എന്നിവരാണ് ബാറ്റിങ്നിരയുടെ നട്ടെല്ല്. ഇന്ത്യയിലെ പിച്ചുകളിൽ ഐപിഎൽ കളിച്ച് പരിചയമുള്ള താരങ്ങളുണ്ട്.
ദാസുൺ ഷനക നയിക്കുന്ന ലങ്ക സ്പിന്നർമാരിലൂടെ കളി പിടിക്കാമെന്ന് കരുതുന്നു. മഹേഷ് തീക്ഷണ, യുവതാരം ദുനിത് വെല്ലലഗെ എന്നിവരാണ് പ്രധാന ആയുധങ്ങൾ. വണീന്ദു ഹസരങ്കയില്ലാത്തത് തിരിച്ചടിയാണ്. ക്യാപ്റ്റനെക്കൂടാതെ കുശാൽ മെൻഡിസ്, പതും നിസംഗ, ധനഞ്ജയ സിഡിൽവ എന്നിവർ ബാറ്റിൽ കരുത്തുകാട്ടും.