ഹൈദരാബാദ്
ആധികാരിക ജയത്തോടെ പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അരങ്ങേറി. നെതർലൻഡ്സിനെ 81 റണ്ണിന് തകർത്തു. 52 പന്തിൽ 68 റണ്ണടിച്ച പാകിസ്ഥാൻ ബാറ്റർ സൗദ് ഷക്കീലാണ് കളിയിലെ താരം. സ്കോർ: പാകിസ്ഥാൻ 286 (49), നെതലർലൻഡ്സ് 205 (41).
യോഗ്യതാറൗണ്ട് കളിച്ചെത്തിയ ഡച്ചുകാർക്ക് പാകിസ്ഥാന്റെ ബൗളിങ് ആക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. പേസും സ്പിന്നും സമാസമം ചേർത്തൊരുക്കിയ കെണിയിൽ അവർ വീണു. ആറ് വിക്കറ്റ് പേസർമാർ സ്വന്തമാക്കി. ജയിക്കാൻ 287 വേണമെന്ന ലക്ഷ്യത്തിലേക്ക് ധൈര്യത്തോടെയാണ് ഡച്ചുകാർ ബാറ്റേന്തിയത്. പക്ഷേ, ലോക ക്രിക്കറ്റിലെ പരിചയക്കുറവ് അവരെ പിന്നോട്ടടിപ്പിച്ചു. ഓൾറൗണ്ടർ മികവ് തെളിയിച്ച ബാസ് ഡി ലീഡ് 68 പന്തിൽ 67 റണ്ണുമായി പൊരുതി. ഓപ്പണർ വിക്രംജിത് സിങ്ങും അർധസെഞ്ചുറി കണ്ടെത്തി. 67 പന്തിൽ 52 റൺ. 28 റണ്ണുമായി ലോഗൻ വാൻ ബീക് പിടിച്ചുനോക്കാൻ ശ്രമിച്ചെങ്കിലും കൂട്ടുണ്ടായില്ല.
പേസർമാരിൽ ഹാരിസ് റൗഫാണ് പാകിസ്ഥാനുവേണ്ടി മൂന്ന് വിക്കറ്റെടുത്തത്. ഹസൻ അലി രണ്ടും ഷഹീൻ അഫ്രീദി ഒരു വിക്കറ്റും നേടി. സ്പിന്നർമാരായ ഇഫ്തിഖർ അഹമ്മദും മുഹമ്മദ് നവാസും ഷദാബ്ഖാനും ഓരോ വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ ഡച്ച് ബൗളർമാർ തുടക്കത്തിൽ ഞെട്ടിച്ചു. പത്താം ഓവറിൽ മൂന്ന് മുൻനിര ബാറ്റർമാരെ മടക്കിയാണ് അമ്പരപ്പിച്ചത്. അപ്പോൾ സ്കോർ 38 മാത്രം. എന്നാൽ, വിക്കറ്റ്കീപ്പർ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും രക്ഷകവേഷമണിഞ്ഞു. 120 റണ്ണിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് അടിത്തറയായി. 52 പന്തിൽ 68 റണ്ണടിച്ച ഷക്കീൽ ഒമ്പത് ഫോറും ഒരു സിക്സറുമടിച്ചു. 75 പന്തിലായിരുന്നു റിസ്വാന്റെ 68 റൺ. അതിൽ എട്ട് ഫോറും ഉൾപ്പെട്ടു. മുഹമ്മദ് നവാസും (39) ഷദാബ്ഖാനും (32) സ്കോർ ഉയർത്തി. ഡച്ചുകാർക്കുവേണ്ടി ബാസ് ഡി ലീഡ് നാല് വിക്കറ്റെടുത്തു. നെതർലൻഡ്സ് തിങ്കളാഴ്ച ന്യൂസിലൻഡിനെയും പാകിസ്ഥാൻ ചൊവ്വാഴ്ച ശ്രീലങ്കയെയും നേരിടും.