ചെന്നൈ
ഓസ്ട്രേലിയയുടെ വിജയവേദിയാണ് ചെന്നൈ. ലോകകപ്പ് ചരിത്രത്തിൽ കളിച്ച മൂന്ന് കളിയും ജയിച്ചിട്ടുണ്ട്. അതിലൊരു തവണ തോൽപ്പിച്ചത് ഇന്ത്യയെയും. കനത്ത ചൂടോടെയാണ് ചെന്നൈ ഓസീസ് താരങ്ങളെ എതിരേറ്റത്. ആ ചൂടിൽ ഓസീസ് ഉരുകില്ല. ചരിത്രത്തിന്റെ പിൻബലം മാത്രമല്ല, ലോകകപ്പിനായി മൂർച്ചകൂട്ടിയിറക്കിയ ആയുധങ്ങളും ഓസീസിന് പ്രതീക്ഷ നൽകുന്നു. മറുവശത്ത്, സ്പിൻ കോട്ടയിൽ നാളെ ഓസീസിനെ മെരുക്കാമെന്ന ഉറപ്പിലാണ് ഇന്ത്യ.
1987 ഒക്ടോബർ ഒമ്പതിനായിരുന്നു ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ ഏകദിനം. ആ ലോകകപ്പിലെ മൂന്നാംമത്സരം. ഇന്ത്യയും ഓസ്ട്രേലിയയും മുഖാമുഖം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 270 റണ്ണെടുക്കുന്നു. മറുപടിക്കെത്തിയ ഇന്ത്യ 49.5 ഓവറിൽ 269ന് പുറത്ത്. മനീന്ദർ സിങ്ങിനെ ബൗൾഡാക്കി സ്റ്റീവ് വോ ഓസീസിന് സമ്മാനിച്ചത് ഒരു വിക്കറ്റ് ജയം. 36 വർഷങ്ങൾക്കിപ്പുറം ഓസീസിന് ഇപ്പോഴും ആവേശം നൽകുന്ന ജയമാണിത്. ജെഫ് മാർഷായിരുന്നു അന്ന് മാൻ ഓഫ് ദി മാച്ച്. മാർഷിന്റെ മകൻ മിച്ചെൽ മാർഷ് ഇന്ന് ഓസീസ് ലോകകപ്പ് ടീമിന്റെ കുന്തമുനയാണ്.
അതേ ലോകകപ്പിൽ സിംബാബ്വെയും തോൽപ്പിച്ച ഓസീസ് 1996 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയും ജയം നേടി. ഇന്ത്യ രണ്ടുതവണ മാത്രമാണ് ചിദംബരം സ്റ്റേഡിയത്തിൽ ലോകകപ്പ് കളിച്ചിട്ടുള്ളത്. ഓസീസിനോട് തോറ്റശേഷം 2011ൽ വെസ്റ്റിൻഡീസിനെതിരെ ഇറങ്ങി. യുവരാജ് സിങ്ങിന്റെ മിന്നുന്ന സെഞ്ചുറിയിൽ 80 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യയിലെ മറ്റു പിച്ചുകൾപോലെയല്ല. ലോകകപ്പിൽ ഒരിക്കൽപ്പോലും ടീം സ്കോർ 300 കടന്നിട്ടില്ല. ഓസീസിന്റെ പേരിലുള്ള 4–-289 ആണ് ഉയർന്ന സ്കോർ. സ്പിൻ പ്രതീക്ഷയിലാണ് ഇന്ത്യ. നാട്ടുകാരൻകൂടിയായ ആർ അശ്വിൻ കളിക്കുമെന്ന് ഉറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഈ പിച്ചിലെ വിക്കറ്റ് വേട്ടക്കാരിൽ ആദ്യ 10 പേരിൽ ഒമ്പതും സ്പിന്നർമാരാണ്. ചെപ്പോക്കിലെ ചാമ്പ്യൻ എന്നാണ് അശ്വിന് ഇവിടെ വിളിപ്പേര്. നാല് ടെസ്റ്റുകളിൽ 30 വിക്കറ്റുണ്ട്. കഴിഞ്ഞ രണ്ട് ദിവസവും മുപ്പത്താറുകാരൻ ഏറെ സമയം പരിശീലനം നടത്തിയിരുന്നു.
ആദം സാമ്പയാണ് ഓസീസിന്റെ സ്പിന്നർ. സഹായത്തിന് ഗ്ലെൻ മാക്സ്വെലുമുണ്ട്. സാമ്പ ഇന്ത്യൻ ബാറ്റർമാർക്കെതിരെ നന്നായി പന്തെറിയുന്ന സ്പിന്നറാണ്. പ്രത്യേകിച്ചും വിരാട് കോഹ്ലിക്കെതിരെ. ഏകദിനത്തിൽ അഞ്ചുതവണയാണ് ലെഗ് സ്പിന്നർ ഇന്ത്യൻ സൂപ്പർതാരത്തെ മടക്കിയത്.