തിരുവനന്തപുരം
സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സൗജന്യസേവനങ്ങളെയും വിദ്യാഭ്യാസത്തെയും പ്രശംസിച്ച് നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി. സർക്കാർ മെഡിക്കൽ കോളേജുകളിലെ പഠനവും ജീവിതവും വിവരിച്ച് വിസാസൊ പങ്കുവച്ച വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഈ വീഡിയോ നാഗാലാൻഡ് ആരോഗ്യമന്ത്രി ജേക്കബ് ഷിമോമി തന്റെ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചു. വിസാസൊയുടെ മലയാളത്തെയും ആരോഗ്യസേവനത്തിലെ താൽപ്പര്യത്തെയും പ്രശംസിച്ചാണ് ഷിമോമി വീഡിയോ പങ്കുവച്ചത്.
ഇംഫാലിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ സംഭവിച്ച അപകടവും ആശുപത്രിവാസവുമാണ് സൈനികനാകാൻ ആഗ്രഹിച്ച വിസാസൊയെ ഡോക്ടറാക്കിയത്. കാൽമുറിച്ചു മാറ്റപ്പെട്ടപ്പോൾ കരുത്തുപകർന്ന് ഒപ്പംനിന്ന നഴ്സുമാരുടെയും ഡോക്ടർമാരുടെയും പ്രവർത്തനങ്ങളാണ് ആരോഗ്യമേഖലയെ പ്രിയങ്കരമാക്കിയത്. നാഗാലാൻഡിലെ അയൽക്കാരും അധ്യാപകരുമായ മലയാളികളിലൂടെ സുപരിചിതമായതോടെ എംബിബിഎസ് പഠനത്തിന് കേരളം തെരഞ്ഞെടുത്തു. കോഴിക്കോട് എന്ന പേരിലെ കൗതുകമാണ് അവിടെ ചേരാനുള്ള കാരണമായി അദ്ദേഹം പറയുന്നത്. ആദ്യവർഷത്തിൽ ഭാഷ, ഭക്ഷണം, രീതികൾ എന്നിവയിൽ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീടത് മാറി.
ആറുവർഷത്തെ കോഴിക്കോടൻ ജീവിതത്തിലൂടെ തനി മലയാളിയായ വിസാസൊ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ജനറൽ സർജറിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഗുജറാത്തിലെ വഡോദരയിൽ ജോലി ലഭിച്ച് 27ന് കേരളത്തിൽനിന്ന് മടങ്ങാനൊരുങ്ങുകയാണ് വിസാസൊ.
മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാൻ കഴിയാത്തവിധം മികച്ച സേവനങ്ങളാണ് ആരോഗ്യരംഗത്ത് കേരളം നൽകുന്നതെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു. ചികിത്സയും മരുന്നുമടക്കം ജനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. നാഗാലാൻഡിലെ ആരോഗ്യമേഖലയിലും മാറ്റങ്ങൾ വരുന്നുണ്ട്. പക്ഷേ, കേരളത്തിലേതുപോലെ പൂർണമായും സൗജന്യസേവനം ആയിട്ടില്ല. അവസരം ലഭിച്ചാൽ കേരളത്തിലേക്ക് തിരിച്ചെത്താനാണ് ആഗ്രഹമെന്നും വിസാസൊ കിക്കി പറഞ്ഞു.