കോഴിക്കോട്
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം സർഗാത്മക എഴുത്തിൽ സമന്വയിപ്പിച്ച് ദേശാഭിമാനി വാരികയുടെ പുതിയ ലക്കം. രണ്ടിന് പുറത്തിറങ്ങിയ വാരികയിൽ എഴുത്തുകാർ തങ്ങളുടെ ക്രിക്കറ്റ് ഓർമകൾ പങ്കുവയ്ക്കുകയാണ്. കാലിച്ചാംപൊതിയിലെ ക്രിക്കറ്റ് ദിനങ്ങളാണ് പി വി ഷാജികുമാർ പറയുന്നത്.
കളിയിൽ തിളങ്ങാതെ പോയതിനാൽ അമ്പയറാകേണ്ടിവന്ന അനുഭവമാണ് സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് വി ഷിനിലാലിന്റെ രചനയിൽ. ‘മുല്ലയ്ക്കൽ തെരുവിലെ ബൗളറി’ൽ ആലപ്പുഴയിലെ ക്രിക്കറ്റ് ക്ലബ്ബിനായി പന്തെറിഞ്ഞ കാലത്തെ കൗതുകം ഫ്രാൻസിസ് നൊറോണ പങ്കുവയ്ക്കുന്നു. ഇന്ത്യ–-പാക് ക്രിക്കറ്റ് ലൈവ് എന്ന കവിതയിൽ നജ ഹുസൈൻ മത്സരത്തിൽ ആരും ജയിക്കുന്നും തോൽക്കുന്നുമില്ലെന്ന രാഷ്ട്രീയചിന്ത കൊളുത്തിവയ്ക്കുന്നു. ഏകദിന ക്രിക്കറ്റ് കടന്നുവന്ന വഴികളും വികാസവുമാണ് ജോൺ സാമുവലിന്റെയും എം പി സുരേന്ദ്രന്റെയും ലേഖനത്തിൽ.