തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വികസനവഴിയിൽ പുതിയ അധ്യായം എഴുതിച്ചേർക്കാൻ ഗുജറാത്തിലെ മുന്ദ്രതീരത്തുനിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ഷെൻഹുവ 15 കപ്പൽ വെള്ളിയാഴ്ച പുറപ്പെട്ടു. ചൈനയിൽനിന്നുള്ള ക്രെയിനുകളുമായാണ് കപ്പൽ എത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിൽ ചരക്ക് നീക്കത്തിനായി സ്ഥാപിക്കാനുള്ളതാണ് ക്രെയിനുകൾ. സെപ്തംബർ 29ന് മുന്ദ്രയിൽ കപ്പൽ എത്തിയിരുന്നു. ആറുദിവസത്തിനകം കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് കരുതുന്നത്. 15ന് ആണ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിമാരുംചേർന്ന് കപ്പൽ സ്വീകരിക്കുന്ന ചടങ്ങ്. ഇതിനു പിന്നാലെ നവംബർ പതിനാലിനകം മൂന്നു കപ്പൽകൂടി ചൈനയിൽനിന്ന് ക്രെയിനുകളുമായി എത്തും. കപ്പലുകൾ ബെർത്തിലേക്ക് വലിച്ച് കൊണ്ടുവരുന്നതിനുള്ള ടഗുകളിൽ മൂന്നെണ്ണം വിഴിഞ്ഞത്ത് എത്തിച്ചു. ടോൾഫിൻ സിരീസിലുള്ള ടഗുകളാണ് എത്തിച്ചത്. അദാനി പോർട്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനിയും.
കപ്പൽ എത്തുന്നത് ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും സർക്കാരും. നിരവധി പ്രമുഖരും ആയിരക്കണക്കിന് ജനങ്ങളും അതിന് സാക്ഷികളാകും.