ഇരിങ്ങാലക്കുട
കഥകളിസംഗീതരംഗത്ത് ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെ നിയന്ത്രിച്ച മഹാസംഗീതജ്ഞൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണം വിപുലമായ രീതിയിൽ ഇരിങ്ങാലക്കുടയിൽ എട്ട്, ഒമ്പത് തീയതികളിൽ നടക്കും. ഇക്കുറി കലാമണ്ഡലംകൂടി സഹകരിച്ചാണ് പരിപാടികൾ.
ഹിന്ദുസ്ഥാനിയുൾപ്പെടെ ദേശീയസംഗീതപാരമ്പര്യത്തെ കഥകളിപ്പാട്ടിൽ കൂട്ടിയിണക്കിയതാണ് ഉണ്ണിക്കൃഷ്ണകുറുപ്പിന്റെ വൈഭവം. ശിഷ്യന്റെ സർഗസിദ്ധിയെ തിരിച്ചറിഞ്ഞ ഗുരു കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ “വെങ്കലനാദം” എന്നാണ് ശബ്ദത്തെ വിശേഷിപ്പിച്ചത്.
കലാമണ്ഡലത്തിൽനിന്ന് കുറുപ്പ് പോയത് അഹമ്മദാബാദിലെ മൃണാളിനി സാരാഭായിയുടെ ദർപ്പണയിലും കൊൽക്കത്തയിലെ ശാന്തിനികേതനിലേക്കുമാണ്. ഉത്തരേന്ത്യൻ സംഗീതസൗന്ദര്യം സ്വാംശീകരിച്ച് കഥകളി സംഗീതത്തിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് അനുസ്മരണപരിപാടിയുടെ മുഖ്യ സംഘാടകൻ രമേശൻ നമ്പീശൻ പറഞ്ഞു.
കളിയരങ്ങിൽ അവസാനമായി ഉണ്ണിക്കൃഷ്ണ കുറുപ്പ് പാടിയത് 1987 ഒക്ടോബർ ഒമ്പതിനാണ്, 1988 മാർച്ച് നാലിന് അന്തരിച്ചു. അന്നുമുതൽ 35 വർഷമായി “ഒക്ടോബർ ഒമ്പത്” കുറുപ്പ് അനുസ്മരണദിനമായി ഇരിങ്ങാലക്കുടയിൽ ആചരിച്ചുവരുന്നു. ഇതോടനുബന്ധിച്ചുള്ള കഥകളിസംഗീതമത്സരം ഒട്ടേറെ ഗായകരെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തവണ നിള ക്യാമ്പസിൽ “കഥകളി സംഗീതത്തിൽ കലാമണ്ഡലത്തിന്റെ വഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. എട്ടിന് ദേശീയ കഥകളിസംഗീത മത്സരവും ഒമ്പതിന് വിപുലമായ അനുസ്മരണവും നടക്കും. കലാമണ്ഡലം ഗോപിയുടെ വേഷത്തോടെ മേജർസെറ്റ് കഥകളി, സംഗീതാർച്ചന, സ്മാരക പ്രഭാഷണം, അനുസ്മരണസമ്മേളനം എന്നിവയുണ്ടാകും.