കോഴിക്കോട്
‘‘വെള്ളച്ചാട്ടത്തിനരികെ കിടന്നുറങ്ങുന്ന പോലെയായിരുന്നു ആ രാത്രി. വെള്ളം ആർത്തലച്ചുപായുന്ന ശബ്ദം രാത്രി മുഴുവൻ കാതിൽ മുഴങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല. രാവിലെ ഉണർന്നപ്പോൾ താഴ്വാരത്ത് തീസ്താനദിക്ക് കുറുകെയുള്ള ടുങ്ക് പാലം ഒഴുകിപ്പോയത് കണ്ടു. തലേന്ന് വൈകിട്ട് ആ പാലത്തിലൂടെയായിരുന്നു മലമുകളിലെ കുടിലിലേക്ക് വന്നത്. ഉള്ളിലൊരാന്തൽ ഉയർന്നു. ഡാം തകർന്നിരിക്കയാണ്. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഗ്രാമവാസികൾ ഞങ്ങളോട് പറഞ്ഞു. ഏറെ പണിപ്പെട്ട് അൽപ്പം അകലെയുള്ള ഫിഡാങ് പാലത്തിന് അടുത്തെത്തി.
തീസ്താനദി രൗദ്രഭാവം പൂണ്ടൊഴുകുകയാണ്. ഒരു പൊലീസുകാരനും ഏതാനും ഗ്രാമീണരും അവിടുണ്ടായിരുന്നു. പാലത്തിന് മുകളിലൂടെയുള്ള വാഹനയാത്ര അതിസാഹസികമാണെന്ന് ബോധ്യപ്പെട്ടു. കാൽനടയായി പാലം കടക്കാൻ തുനിഞ്ഞ ഞങ്ങളെ പൊലീസുകാരൻ തടഞ്ഞു. പാലം സുരക്ഷിതമല്ലെന്ന് ഓർമപ്പെടുത്തി. ദുരന്തത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വലിയ ശബ്ദത്തോടെ ഇരുമ്പുപാലം ജലപ്പരപ്പിലേക്ക് തകർന്നുവീണു. പാലത്തിന്റെ കമ്പികൾ ഉറപ്പിച്ച കരിങ്കൽക്കെട്ട് പഞ്ഞിത്തുണ്ടുപോലെ ഒഴുകിപ്പോയി. പാലം കടക്കാൻ തുടങ്ങിയിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന നടുക്കത്തിൽനിന്ന് ഏറെ സമയമെടുത്താണ് ഞങ്ങൾ മോചിതരായത്’’–- മിന്നൽ പ്രളയം വിഴുങ്ങിയ സിക്കിമിൽ അകപ്പെട്ട കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ വി കെ ചന്ദ്രശേഖരൻ ഫോണിലൂടെ സംഭവം വിവരിക്കുമ്പോൾ നടുക്കം മാറിയിട്ടില്ല.
ശലഭനിരീക്ഷകനായ ചന്ദ്രശേഖരൻ ഉൾപ്പെടെ നാലുപേർ സെപ്തംബർ 22നാണ് സിക്കിമിലേക്ക് പുറപ്പെട്ടത്. പ്രാണിവർഗ ഗവേഷകനായ കണ്ണൂരിലെ വിജയകുമാർ ബ്ലാത്തൂർ, കോയമ്പത്തൂരിലെ ഹരീഷ് മല്യ, ബംഗാളിലെ ദേബാശിഷ് മുഖർജി എന്നിവരായിരുന്നു സഹയാത്രികർ. ശലഭനിരീക്ഷണത്തിനായി ഈ വർഷം കണ്ടെത്തിയത് സിക്കിമായിരുന്നു.
പാലം വീണതോടെ മംഗൻജില്ലയിലെ സോങ്കു–- ടാങ്ടോക് മലനിരകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം കടന്നാണ് രക്ഷപ്പെട്ടത്. ലഗേജുമായി ചെങ്കുത്തായ മലകൾ കയറിയിറങ്ങി. ഗാങ്ടോക്കിൽനിന്ന് ബംഗാളിലെ സിലിഗുരിയിലേക്കുള്ള യാത്രയിൽ കണ്ടതത്രയും മിന്നൽ പ്രളയം തകർത്ത ഗ്രാമങ്ങളെയാണ്. സിങ്ടാമിലെ ചെളിയിൽ പുതഞ്ഞ മിലിട്ടറി ക്യാമ്പ് എസ്കലേറ്റർ ഉപയോഗിച്ചാണ് വീണ്ടെടുത്തത്. അനേകം ചേരികൾ ഇപ്പോഴും ചെളിയിൽ പൂണ്ടുകിടക്കുകയാണ് –- ചന്ദ്രശേഖരൻ പറഞ്ഞു. സിലിഗുരിയിൽനിന്ന് ഞായറാഴ്ച വിമാനമാർഗം സംഘം കേരളത്തിലേക്ക് തിരിക്കും.