തിരുവനന്തപുരം
സംസ്ഥാനത്ത് ഇനിമുതൽ നെല്ല് സംഭരണത്തിന് സഹകരണസംഘം. കർഷകരിൽനിന്ന് ഓരോ സീസണിലും വേഗത്തിൽ നെല്ല് സംഭരിക്കുന്നതിനും കൃത്യസമയത്ത് തുക വിതരണം ചെയ്യുന്നതിനുമാണ് പുതിയ സംവിധാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി.
കഴിഞ്ഞ സീസണിൽ സപ്ലൈകോ മുഖേനയാണ് നെല്ല് സംഭരണം നടന്നത്. കർഷകർക്ക് പിആർഎസ് വായ്പ നൽകുന്നതിൽ ബാങ്കുകളുടെ കൺസോർഷ്യം കാലതാമസം വരുത്തിയിരുന്നു. ഇത് കർഷകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. കുറ്റമറ്റരീതിയിൽ നെല്ല് സംഭരിക്കാനും കർഷകർക്ക് കാലതാമസമില്ലാതെ തുക ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിർദേശം സമർപ്പിക്കാനും മന്ത്രിസഭാ ഉപസമിതിയോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
ഒരു കിലോ നെല്ല് സംഭരിക്കുമ്പോൾ 28.20 രൂപ കർഷകന് നൽകണം. ഇതിൽ 7.8-0 രൂപ സംസ്ഥാന സർക്കാർ വിഹിതമാണ്. നെല്ല് കുത്തി അരിയാക്കി റേഷൻകട വഴി വിതരണം ചെയ്തതിന്റെ കണക്ക് നൽകിയാൽ മാത്രമാണ് കേന്ദ്ര സർക്കാർ മുഴുവൻ തുകയും നൽകുക. പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ നെല്ല്സംഭരണം നടക്കുന്നത്. ഈ സാഹചര്യത്തിൽ നെല്ല്സംഭരിക്കുമ്പോൾ സംഘങ്ങൾക്ക് അപ്പോൾത്തന്നെ തുക നൽകാൻ കഴിയുമോ ഒരു ക്വിന്റൽ നെല്ല് നൽകുമ്പോൾ 68 കിലോ അരി മില്ല് ഉടമകൾ തിരിച്ചുനൽകുമോ നോഡൽ ഏജൻസിയായി ആരെ നിശ്ചയിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. ഇക്കാര്യങ്ങളിൽ 11നു ചേരുന്ന മന്ത്രിതലയോഗം തീരുമാനമെടുക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, കൃഷി മന്ത്രി പി പ്രസാദ്, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.