തിരുവനന്തപുരം
ഒഴുകിയെത്തിയ ജനസഞ്ചയം കടലിരമ്പം തോൽക്കുംവിധം ലാൽസലാം വിളിയോടെ നെഞ്ചുരുകി പ്രിയ നേതാവിന് വിട നൽകി. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം മാനംമുട്ടെ പ്രകമ്പനംകൊണ്ടു. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങൾ മുന്നിൽനിന്ന് നയിച്ച ദൃഢതയാർന്ന കമ്യൂണിസ്റ്റ് ആനത്തലവട്ടം ആനന്ദൻ ഇനി ജ്വലിക്കുന്ന സ്മരണ.
സിപിഐ എമ്മിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതാക്കളും വിവിധ തൊഴിൽ മേഖലകളിലെ എണ്ണിത്തീർക്കാനാകാത്ത തൊഴിലാളികളും വെള്ളി വൈകിട്ട് ശാന്തികവാടത്തിൽ വിട ചൊല്ലാനെത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹവും വഹിച്ച് വ്യാഴം രാത്രി എട്ടോടെ ചിറയിൻകീഴിലെ വീട്ടിലെത്തുമ്പോഴേക്കും നാട് അവിടെ കാത്തുനിൽക്കുകയായിരുന്നു. ചൂഷകർക്കെതിരെ ഒരു മനുഷ്യായുസ്സ് മുഴുവൻ പോരാടിയ ധീരസഖാവിന്റെ ചേതനയറ്റ മൃതദേഹത്തിനു മുന്നിൽ കയർ, കശുവണ്ടി, മത്സ്യത്തൊഴിലാളികൾ വിതുമ്പി. നാട് പ്രിയനേതാവിന് രാത്രി മുഴുവൻ അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ 9.20ന് ആരംഭിച്ച വിലാപയാത്ര, രാവിലെ പത്തോടെ പതിറ്റാണ്ടുകളോളം പ്രവർത്തന തട്ടകമായ ആറ്റിങ്ങലിലെത്തി. ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി, മംഗലപുരം, കഴക്കൂട്ടം, ചാക്ക വഴി എ കെ ജി സെന്ററിലേക്ക്. പ്രിയ നേതാവിന് യാത്രാമൊഴിയേകാൻ നഗരം കാത്തുനിൽക്കുകയായിരുന്നു അവിടെ. മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഏളമരം കരീം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി വിവിധ രാഷ്ട്രീയ–- ട്രേഡ് യൂണിയൻ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ പതിനായിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വച്ചു. വൈകിട്ട് അഞ്ചോടെ ശാന്തി കവാടത്തിൽ സംസ്കരിച്ചു. തുടർന്ന്, മേട്ടുക്കടയിൽ അനുശോചനയോഗം ചേർന്നു.