കൊച്ചി > റോഡപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിങ് സംസ്കാരം മാറേണ്ടതുണ്ടെന്ന് ഹൈക്കോടതി. കേരളത്തിനുപുറത്ത് ഗതാഗതനിയമങ്ങൾ പാലിക്കുന്ന മലയാളികൾ ഇവിടെ അത് അവഗണിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ സീബ്രാലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.
സംസ്ഥാനത്തെ പ്രധാന റോഡുകളിൽ എത്ര സീബ്രാലൈനുകളുണ്ടെന്ന് വിശദമാക്കാൻ പൊലീസിനോട് നിർദേശിച്ചു. സാധ്യമായ സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഗതാഗത നിയമ ബോധവൽക്കരണം നടത്തുന്നുണ്ടെന്നും ഓൺലൈനായി ഹാജരായ ട്രാഫിക് ഐജി സ്പർജൻകുമാർ വിശദീകരിച്ചു.
സീബ്രാലൈനും സിഗ്നൽ സംവിധാനവും മികച്ച രീതിയിലുള്ളതല്ലെന്നും ഇതു പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതായും പൊതുമരാമത്തുവകുപ്പ് സെക്രട്ടറി കെ ബിജു വിശദീകരിച്ചു. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.