കാന്‍സാസ്> യുഎസിലെ കാന്‍സസില്‍ അമ്മ വീട്ടില്‍നിന്നു പുറത്താക്കിയ അഞ്ചു വയസുള്ള പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു.സോയി ഫെലിക്സ് എന്ന അഞ്ചുവയസുകാരിയെ ഒക്ടോബര്‍ രണ്ടിനു മാരക മുറിവുകളോടെ ഒരു പെട്രോള്‍ സ്റ്റേഷനില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൈക്കല്‍ ചെറി എന്നയാളെ അറസ്റ്റ് ചെയ്തു. സോയിക്കു വീട്ടിലും കടുത്ത അവഗണനയാണു നേരിട്ടിരുന്നത്. അയല്‍വാസികളാണ് കുട്ടിയെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തിരുന്നത്. സ്കൂളിലും കുട്ടി പോയിരുന്നില്ല.
ഭക്ഷണം നല്‍കുമോ എന്നു ചോദിച്ച് സോയി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
സോയിയും മൈക്കലും ഒരേവീട്ടിലാണു താമസിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ സോയിയുടെ അമ്മയും ഇയാളും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല. സോയിയുടെ അമ്മ വീട്ടില്‍ വഴക്കുണ്ടാക്കി ബന്ധുക്കളെ ഇറക്കിവിടുന്നതു പതിവാണ്. ഈ സമയത്ത് ഇവര്‍ അടുത്തുള്ള ക്യാംപിലാണു താമസിക്കാറുള്ളത്.