ന്യൂഡൽഹി > ശ്രവണവെല്ലുവിളി നേരിടുന്ന മലയാളി അഭിഭാഷകയ്ക്ക് വേണ്ടി വ്യാഖാതാവിനെ അനുവദിക്കാൻ സുപ്രീംകോടതി രജിസ്ട്രിക്ക് നിർദേശം നൽകി. മലയാളിയായ അഡ്വ. സാറാ സണ്ണിക്ക് കോടതി മുമ്പാകെ ഹാജരാകേണ്ട സാഹചര്യത്തിൽ അവർക്ക് വേണ്ടി ചിഹ്നഭാഷാ വ്യാഖാതാവിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം അംഗീകരിച്ചതായി സുപ്രീംകോടതി രജിസ്ട്രാർ വിവേക്സക്സേന അറിയിച്ചു.
വ്യാഖാതാവിന്റെ ചെലവ് സുപ്രീംകോടതി നിർവഹിക്കും. നേരത്തെ,ഒരു കേസുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അഡ്വ. സാറാ സണ്ണി ഓൺലൈനിൽ ഹാജരായിരുന്നു. അന്ന് അവരുടെ വാദങ്ങൾ ആംഗ്യഭാഷ അറിയാവുന്ന അഡ്വ. സൗരവ് ചൗധ്രി വ്യാഖാനിച്ചു. ഇപ്പോൾ, മറ്റൊരു കേസിൽ അഡ്വ. സാറാ സണ്ണിക്ക് ഹാജരാകേണ്ട സാഹചര്യത്തിൽ കോടതി ചെലവിൽ അവർക്ക് വേണ്ടി വ്യഖാതാവിനെ നിയമിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.
നീതിന്യായ സംവിധാനം ഭിന്നശേഷി വിഭാഗക്കാർക്ക് കൂടി പ്രാപ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ ഉറപ്പുനൽകിയിരുന്നു.