ന്യൂഡൽഹി > മീററ്റ് തലസ്ഥാനമായി പശ്ചിമ ഉത്തർപ്രദേശ് സംസ്ഥാനം രൂപീകരിക്കണമെന്ന് കേന്ദ്രസഹമന്ത്രി സഞ്ജീവ് ബല്യാൻ ആവശ്യപ്പെട്ടതിനെതുടർന്ന് ബിജെപിയിൽ ഭിന്നത. ‘മിനി പാകിസ്ഥാൻ’ രൂപീകരിക്കണമെന്നാണ് ഇതിന്റെ അർഥമെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ സംഗീത് സോം പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിച്ച ബല്യാൻ വോട്ടർമാരെ പ്രീണിപ്പിക്കാനാണ് കുറുക്കുവഴിയിൽ ശ്രമിക്കുന്നതെന്ന് ബിജെപിയിലെ മറ്റ് ചില നേതാക്കൾ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച മീററ്റിൽ ചേർന്ന ‘രാജ്യാന്തര ജാട്ട് പാർലമെന്റിലാണ്’ മുസഫർനഗർ എംപിയായ ബല്യാൻ ബിജെപിയെ വെട്ടിലാക്കിയ നിർദേശം വച്ചത്. എട്ട് കോടിയിൽപരം ജനസംഖ്യയുള്ള പശ്ചിമ യുപി രാജ്യത്തെ ഏറ്റവും പുരോഗതി നേടുന്ന സംസ്ഥാനമായി മാറുമെന്നും ബല്യാൻ അഭിപ്രായപ്പെട്ടു. അതേസമയം, പശ്ചിമ യുപിയിൽ ഒരു പ്രത്യേക സമുദായത്തിന്റെ അംഗബലം വർധിച്ചുവരികയാണെന്നും പല തദ്ദേശസ്ഥാപനങ്ങളിലും 80 ശതമാനം ഇതേ സമുദായമാണെന്നും സോം പ്രതികരിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുസഫർനഗർ മണ്ഡലത്തിൽ ബല്യാൻ എസ്പി–-ആർഎൽഡി സ്ഥാനാർഥി അജിത് സിങ്ങിനെതിരെ നേടിയ ഭൂരിപക്ഷം 6,526 മാത്രമായിരുന്നു. ഈ ലോക്സഭ മണ്ഡലത്തിന്റെ പരിധിയിലുള്ള കതൗലി നിയമസഭ സീറ്റിൽ കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. കർഷകപ്രക്ഷോഭത്തിന്റെ സ്വാധീനം ശക്തമായ മേഖലയാണ് പശ്ചിമ യുപി. 2013ലെ കലാപത്തെ തുടർന്ന് ഇവിടെ നിലനിന്ന വർഗീയവിദ്വേഷം ശമിക്കാനും കർഷകപ്രക്ഷോഭം ഇടയാക്കി. പശ്ചിമ യുപിയിലെ 18 ജില്ലയിലായി വരുന്ന 19 ലോക്സഭ മണ്ഡലങ്ങളിൽ ജാട്ട് വോട്ടുകൾ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ബല്യാന്റെ പരാമർശം. കരിമ്പ് കൃഷിക്ക് പേരുകേട്ട പശ്ചിമ യുപിയെ ‘ഹരിത് പ്രദേശ്’ എന്ന പേരിൽ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്ന് മുമ്പ് നിർദേശം ഉയർന്നിരുന്നു.