തിരുവനന്തപുരം
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണം കെട്ടിച്ചമച്ച കേസിലെ പ്രതി ലെനിൻ രാജ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹരിദാസിൽനിന്ന് പണം വാങ്ങിയത് അഖിൽ സജീവാണെന്ന് അഡ്വ. ശാസ്തമംഗലം അജിത് മുഖേന തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ലെനിൻ രാജ് പറയുന്നു.
കോഴിക്കോട് കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ തന്റെ കക്ഷിയായിരുന്നു അഖിൽ സജീവെന്നും വക്കീൽ ഫീസ് നൽകാത്തതുമായി ബന്ധപ്പെട്ട് വഴക്കിട്ടിരുന്നുവെന്നും ലെനിൻരാജ് പറയുന്നു. മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവുമായോ ഹരിദാസനുമായോ തനിക്ക് ഒരു ബന്ധവുമില്ല. തനിക്കെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം, ഹരിദാസനൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി ബാസിതിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ബാസിതിനെയും കോഴിക്കോട് സ്വദേശി റയീസിനെയും ചോദ്യം ചെയ്തിരുന്നു. റയീസിനെ അറസ്റ്റ് ചെയ്തെങ്കിലും ബാസിതിനെ തൽക്കാലം വിട്ടയക്കുകയായിരുന്നു. സെക്രട്ടറിയറ്റ് പരിസരത്ത് ബാസിതിനൊപ്പമായിരുന്നു ഹരിദാസൻ എത്തിയത്. പണം നൽകിയെന്നു പറയുന്ന സമയത്ത് താൻ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് ബാസിതിന്റെ മൊഴി.
അതേസമയം, ആരോപണമുന്നയിച്ച ഹരിദാസൻ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസും ആരംഭിച്ചിട്ടുണ്ട്. ആരോപണവിധേയനായ അഖിൽ സജീവിനെ ചോദ്യം ചെയ്യുന്നതിനു മുന്നേതന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.