ബത്തേരി
മികവിന്റെ കേന്ദ്രമായി ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി. പാമ്പ് കടിയേറ്റ് വിദ്യാർഥി മരിച്ച സ്കൂളിൽ നിർമിച്ച ഹൈടെക്ക് കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനംചെയ്തു. നാലുവർഷം മുമ്പ് ആറാം ക്ലാസ് വിദ്യാർഥി ഷഹല ഷെറിനാണ് ക്ലാസ്മുറിയിൽനിന്ന് പാമ്പുകടിയേറ്റ് മരിച്ചത്. കാലപഴക്കംചെന്ന ആസ്ബസ്റ്റോസ് ഷീറ്റ മേഞ്ഞ കെട്ടിടത്തിലെ ക്ലാസ് മുറിയിൽ നിന്നായിരുന്നു പാമ്പ് കടിയേറ്റത്. ആ സ്ഥാനത്ത് മൂന്ന് നിലയിൽ അത്യാധുനിക കെട്ടിടമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കിഫ്ബിയുടെയും മൂന്നേകാൽ കോടി രൂപ വിനിയോഗിച്ചാണ് ലിഫ്റ്റ് സൗകര്യത്തോടെ കെട്ടിടം നിർമിച്ചത്. 15 ക്ലാസ് മുറികളും ആറ് ടോയ്ലെറ്റുകളുമുണ്ട്. ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.