കോഴിക്കോട്
കോൺഗ്രസ് നിലപാടുകളോട് അണികളിൽ ശക്തമാകുന്ന അതൃപ്തിക്ക് ‘തട്ടമിടീക്കാൻ’ മുസ്ലിംലീഗ് ശ്രമം. ശിരോവസ്ത്രമിടുന്നതിന് സിപിഐ എം എതിരെന്ന നുണപ്രചാരണത്തിലൂടെ ലീഗിലെ ഒരു വിഭാഗം ലക്ഷ്യമിടുന്നതിതാണ്. ഇസ്ലാമിക വിശ്വാസത്തിനോടുള്ള സിപിഐ എം കടന്നുകയറ്റം എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ജമാഅത്തെ ഇസ്ലാമിയുടെയും ചില മാധ്യമങ്ങളുടെയും പിന്തുണയിലാണ് ആശയക്കുഴപ്പത്തിനുള്ള നീക്കം.
അഡ്വ. കെ അനിൽകുമാർ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങളാണ് ഒരു വിഭാഗം ലീഗുകാരും ജമാഅത്തെയും ആയുധമാക്കുന്നത്.
വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യാവകാശമാണെന്നതാണ് സിപിഐ എം നിലപാട്. തട്ടമിടുന്നതും ഇടാത്തതുമെല്ലാം വ്യക്തിസ്വാതന്ത്ര്യമാണ്. ഇക്കാര്യത്തിൽ ഒരു വിധത്തിലുമുള്ള അടിച്ചേൽപ്പിക്കലും ഇടപെടലും പാടില്ല. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. അനിൽകുമാറും ഇത് വിശദീകരിച്ചു. എന്നാൽ അതൊന്നും മാനിക്കാതെ മതവിശ്വാസികളെ ഇളക്കിവിടാനാവുമോ എന്നാണ് നോട്ടം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സന്ദർഭത്തിൽ അണികളെ ഇളക്കാനുള്ള അവസരമാക്കി ഒരു വിഭാഗം ഈ വിഷയത്തെ മാറ്റുകയാണ്. ലീഗിൽ ഉടലെടുത്ത ഭിന്നതയെ തട്ടംകൊണ്ട് മറയാക്കാമെന്ന ചിന്തയാണ് ചിലർക്ക്. കെപിസിസി നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും പ്രവർത്തനശൈലിയിൽ ലീഗിനകത്ത് വിയോജിപ്പ് ശക്തമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശൈലിയോടാണ് കൂടുതൽ എതിർപ്പ്. സഹകരണമേഖലയിലുള്ള കേന്ദ്ര ഇടപെടലിലും ലീഗിന് കോൺഗ്രസിൽനിന്ന് വ്യത്യസ്തമായ നിലപാടാണ്.
അതേസമയം എം കെ മുനീർ, കെ എം ഷാജി തുടങ്ങിയ ചില നേതാക്കൾ കോൺഗ്രസ് പക്ഷത്താണ്. ഈ ചേരിതിരിവ് അണികളിലേക്കും പടരുന്നുണ്ട്. അതേസമയം ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ, മതവിശ്വാസം എന്നിവക്കെതിരെയെല്ലാം ബിജെപി സർക്കാർ തുടർച്ചയായി കടന്നാക്രമണം തുടരുന്നുണ്ട്. അവയെ എതിർക്കാതെ ലീഗ് സിപിഐ എമ്മിനെതിരെ തിരിഞ്ഞതിലെ കാപട്യവും ചർച്ചയാവുന്നുണ്ട്.