കോഴിക്കോട്
നവകേരള സൃഷ്ടിക്കായുള്ള വികസന പദ്ധതികൾക്ക് വേഗം പകരാൻ ക്രിയാത്മക മാർഗങ്ങൾ ചർച്ചചെയ്ത് മുഖ്യമന്ത്രി നയിച്ച മേഖലായോഗങ്ങൾ സമാപിച്ചു. വികസനത്തിനുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ പുതുവഴികൾ തേടിയ യോഗം പദ്ധതികളുടെ സമയബന്ധിത നിർവഹണം ഉറപ്പാക്കാനുള്ള കർമപദ്ധതികൾക്ക് രൂപം നൽകി. പുതിയ ഭരണസംസ്കാരമാണ് മേഖലായോഗങ്ങളുടെ ദൗത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനതയുടെ ജീവൽപ്രശ്നങ്ങളിൽ സമയബന്ധിതവും ശരിയായതുമായ പരിഹാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള അവസാന മേഖലാ അവലോകന യോഗമാണ് വ്യാഴാഴ്ച കോഴിക്കോട്ട് ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ ചേർന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ വികസന പദ്ധതികളാണ് മേഖലായോഗം വിലയിരുത്തിയത്.
ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്ത കേരളം, ഹരിതകേരളം മിഷൻ, ദാരിദ്ര്യ നിർമാർജനം, ക്രമസമാധാനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജലജീവൻ മിഷൻ, ആർദ്രം മിഷൻ, ഇന്റർനാഷണൽ റിസർച്ച് സെന്റർ ഫോർ ആയുർവേദ, കോവളം –-ബേക്കൽ ഉൾനാടൻ ജലഗതാഗതം എന്നിവയായിരുന്നു ചർച്ചാവിഷയങ്ങൾ. വകുപ്പ് മേധാവികളാണ് വിഷയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും പരിഹാര മാർഗങ്ങൾ നിർദേശിച്ചു.
രാവിലെ 9.30 മുതൽ ഉച്ചവരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമായിരുന്നു. ഉച്ചതിരിഞ്ഞ് പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന വിഷയങ്ങൾ ചർച്ചചെയ്തു.