ആലപ്പുഴ
ജനകീയ പോരാട്ടങ്ങളുടെ ചരിത്രം തുടിക്കുന്ന ആലപ്പുഴയുടെ തീരദേശം മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കാൽനടജാഥയ്ക്ക് ആവേശോജ്വല സ്വീകരണം നൽകി. കടലും കടൽസമ്പത്തും കോർപറേറ്റുകൾക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള തീരദേശജനതയുടെ പ്രതിഷേധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ ജനക്കൂട്ടം. കടലിന്റെ ഉടയോരെ തീരദേശത്തുനിന്ന് ആട്ടിയകറ്റാനുള്ള നീക്കത്തെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുമെന്നതിന് ഈ ജനസഞ്ചയം നേർസാക്ഷ്യമായി.
വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, നാടൻ കലാരൂപങ്ങൾ, കരിമരുന്നു കലാപ്രകടനം, തെയ്യം തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു വരവേൽപ്പ്. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി പി ചിത്തരഞ്ജൻ എംഎൽഎ, ജാഥാ മാനേജർ ക്ലൈനസ് റൊസാരിയോ, വൈസ് ക്യാപ്റ്റൻമാരായ ടി മനോഹരൻ, അഡ്വ. യു സൈനുദ്ദീൻ, ജാഥാംഗങ്ങളായ കെ കെ രമേശൻ, ജി രാജദാസ് ,വി വി രമേശൻ, സി ഷാംജി, പി സന്തോഷ്, യേശുദാസ് പറപ്പിള്ളി, അഡ്വ. ജൂലിയറ്റ് നെൽസൺ, എ അനിരുദ്ധൻ, നിർമല ശെൽവരാജ്, പി ഐ ഹാരീസ് തുടങ്ങിയവർ സംസാരിച്ചു. തുമ്പോളിയിലെ സമ്മേളനത്തിൽ പി ജെ ആന്റണി അധ്യക്ഷനായി. മൽസ്യഫെഡ് ചെയർമാൻ പി മനോഹരൻ, സി ഐ ടി യു ജില്ല ജനറൽ സെക്രട്ടറി പി ഗാനകുമാർ, വി എസ് മണി, സി ഇ യേശുദാസ്, പി ബി ബനഡിക്ട് എന്നിവർ സംസാരിച്ചു.
വാടയ്ക്കൽ നടന്ന സമാപന സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് തുടങ്ങിയത്. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ബി അജേഷ് അധ്യക്ഷനായി. സി പി ഐ എം ജില്ല സെക്രട്ടറി ആർ നാസർ, എച്ച് സലാം എം എൽ എ, എ എം ആരിഫ് എം പി, പി പി പവനൻ, ടി ബി ഉദയൻ എന്നിവർ സംസാരിച്ചു.