തിരുവനന്തപുരം
സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2022 സെപ്തംബറിൽ 365 പേർ മരിച്ചിടത്ത് ഈ വർഷം 42 ആയി കുറഞ്ഞു. 3566 അപകടമുണ്ടായിടത്ത് 901 മാത്രമായി.
ഏപ്രിലിലാണ് സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചത്. മെയ് മുതൽ അപകടമരണങ്ങൾ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഓണക്കാലത്ത് മാത്രമാണ് അൽപ്പം വ്യത്യാസമുണ്ടായത്. 2022 മെയ് മുതൽ സെപ്തംബർവരെ വാഹനാപകടങ്ങളിൽ മരിച്ചത് 1740 പേരായിരുന്നു. ഈ വർഷം ഇതേ കാലയളവിൽ 1317 ആയി. മെയ്–- 40, ജൂൺ–- 67, ജൂലൈ–- 39, സെപ്തംബറിൽ–- 323 മരണം കുറഞ്ഞു. ആഗസ്തിൽമാത്രം 46 മരണം കൂടുതൽ രേഖപ്പെടുത്തി.
സംസ്ഥാനത്ത് ചെറിയ വാഹനാപകടങ്ങൾപോലും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതാണ് കേസുകളുടെ എണ്ണത്തിലുള്ള വർധനയ്ക്ക് കാരണമെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. എന്നാൽ, അപകട മരണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ എഐ കാമറകൾ സ്ഥാപിച്ചത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.