തിരുവനന്തപുരം
കോടതി തള്ളിക്കളഞ്ഞ വിജിലൻസ് അന്വേഷണ ആവശ്യവുമായി വീണ്ടും മാത്യു കുഴൽനാടൻ രംഗത്ത്. സ്വകാര്യ കമ്പനിയിൽനിന്ന് അനധികൃതമായി പണം വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണം മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതേ ആവശ്യവുമായാണ് കുഴൽനാടൻ വീണ്ടും വിജിലൻസ് മേധാവിക്ക് പരാതി നൽകിയിരിക്കു
ന്നത്.
കമ്പനിക്ക് നൽകിയ ആനുകൂല്യങ്ങൾക്ക് പ്രതിഫലമായി പണം കൈപ്പറ്റിയെന്നത് വെറും ആരോപണം മാത്രമാണ്. ഇത് അടിസ്ഥാനമാക്കി അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ നടപടികൾ ആരംഭിക്കാനാകില്ലെന്ന് ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു. ഒരു പൊതു പ്രവർത്തകനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കാൻ അത്തരം കുറ്റകൃത്യം ചെയ്തതായി കാണിക്കുന്ന വസ്തുതകൾ പരാതിക്കാരൻ വെളിപ്പെടുത്തേണ്ടതുണ്ട്. അത്തരം വസ്തുതകളുടെ പിൻബലമില്ലാതെയാണ് മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണങ്ങൾ.
എന്ത് ആനുകൂല്യത്തിനായാണ് കമ്പനി ആരോപിതർക്ക് പണം നൽകിയതെന്ന് വെളുപ്പെടുത്താനോ എന്തെങ്കിലും തെളിവുകൾ നൽകാനോ മാത്യു കുഴൽനാടനും സാധിച്ചിട്ടില്ല. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ആനുകൂല്യം കമ്പനിക്ക് നൽകിയെന്ന് ബോധ്യപ്പെടാനുള്ള തെളിവുകളൊന്നുമില്ലാതെയാണ് മാത്യു കുഴൽനാടന്റെ ‘നിയമ യുദ്ധം’.
കുഴൽനാടന് വേണ്ടിയാണ് നേരത്തെ ഗിരീഷ് ബാബു എന്നയാൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചത്. കുഴൽനാടൻ നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച അതേ വാദങ്ങളാണ് കോടതിയിലുമുണ്ടായത്. കോടതിയിൽ നിന്നേറ്റ അടിയുടെ ക്ഷീണം മാറ്റാനാണ് വിജിലൻസ് മേധാവിക്ക് പരാതി നൽകാനുള്ള കുഴൽനാടന്റെ ക്ഷീണം. തന്റെ കൈവശമുള്ള രേഖകളും തെളിവുകളും പരാതിക്കൊപ്പം കൈമാറിയെന്നാണ് കുഴൽനാടന്റെ അവകാശവാദം. ഇതേ തെളിവുകൾ തന്നെയാണ് തനിക്കുവേണ്ടി മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും നൽകിയിരുന്നത് എന്ന വസ്തുത മറച്ചുവെച്ചാണ് കുഴൽനാടന്റെ പ്രഖ്യാപനം. രണ്ടാംഘട്ട നിയമപോരാട്ടമെന്നാണ് കുഴൽനാടൻ സ്വയം വിശേഷിപ്പിക്കുന്നത്.