തൃശൂർ
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ബോധപൂർവമായ നീക്കം ചെറുത്തുതോൽപ്പിക്കാൻ സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ ആഹ്വാനം ചെയ്തു. 97–ാം ഭരണഘടനാ ഭേദഗതി, ആദായ നികുതി വകുപ്പിന്റെ റെയ്ഡ്, ആർബിഐയെ ഉപയോഗിച്ച് പ്രാഥമിക സംഘങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം, ഇഡിയെ ഉപയോഗിച്ചുള്ള റെയ്ഡുകൾ എന്നിവ കേരളം ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം. സുപ്രീം കോടതിയുടെ ഇടപെടൽ വന്നിട്ടും സഹകരണ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം തുടരുകയാണ്.
കരുവന്നൂർ ഉൾപ്പെടെ ഏതാനും സ്ഥാപനങ്ങളിൽ ചില ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിക്കില്ല. കരുവന്നൂർ ബാങ്കിലെ പ്രശ്നം പരിഹരിച്ചുവരികയാണ്. അപ്പോഴാണ് ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയലക്ഷ്യത്തോടെ കുപ്രചാരണം അഴിച്ചുവിടുന്നത്. ആരുടെയും നിക്ഷേപം നഷ്ടപ്പെടില്ല. കേരളത്തിലെ സഹകരണനിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോർഡ് ഗ്യാരണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് 71 മൾട്ടിസ്റ്റേറ്റ് സംഘങ്ങൾ തട്ടിപ്പിനെത്തുടർന്ന് ലിക്വിഡേറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 4000 കോടിരൂപയുടെ നിക്ഷേപമാണ് നിക്ഷേപകർക്ക് നഷ്ടപ്പെട്ടത്. മോദിയുടെയും അമിത്ഷായുടെയും സുഹൃത്തുക്കളും അനുയായികളുമാണ് തട്ടിപ്പ് നടത്തിയത്.
തൊഴിലാളികളുടെ നിത്യജീവിതത്തിൽ ഭാഗമായ സഹകരണമേഖലയെ സംരക്ഷിക്കാൻ തൊഴിലാളിവർഗത്തിനും ട്രേഡ് യൂണിയനുകൾക്കും ബാധ്യതയുണ്ടെന്നും ജനറൽ കൗൺസിൽ പ്രഖ്യാപിച്ചു.