കൊച്ചി
നാളെയിലേക്ക് പറക്കുന്നുവെന്ന ആപ്തവാക്യം അന്വർഥമാക്കി കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം. കുതിപ്പിന് ഊർജമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതും തുടക്കംകുറിച്ചതുമടക്കം ഏഴ് മെഗാപദ്ധതികൾ. ഇറക്കുമതി ടെർമിനൽ, ഡിജിയാത്ര, അടിയന്തര സേവന ആധുനികവൽക്കരണം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാംഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു.
ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ചീഫ് സെക്രട്ടറി വി വേണു, സിയാൽ ഡയറക്ടർമാരായ എം എ യൂസഫലി, ഇ കെ ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ വി ജോർജ്, ഡോ. പി മുഹമ്മദലി എന്നിവർ സംസാരിച്ചു. സിയാൽ എംഡി എസ് സുഹാസ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ സജി കെ ജോർജ് നന്ദിയും പറഞ്ഞു.
കൂടുതൽ ആധുനിക സൗകര്യങ്ങൾ
ഇറക്കുമതി ടെർമിനൽ: യാഥാർഥ്യമായതോടെ വർഷംതോറുമുള്ള ചരക്ക് കൈകാര്യംചെയ്യൽ ശേഷി രണ്ടുലക്ഷം മെട്രിക് ടണ്ണായി. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക്
ഡിജിയാത്ര: യാത്രക്കാരുടെ പുറപ്പെടൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമവും സുഗമവും. സോഫ്ട്വെയർ സിയാൽ ഐടി വിഭാഗത്തിന്റെ.
അടിയന്തര സേവന ആധുനികവൽക്കരണം: അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേക്ക് രണ്ട് ഓസ്ട്രിയൻ നിർമിത ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങൾ. അത്യാഹിതങ്ങളിൽ അതിവേഗം പ്രതികരിക്കാം.
രാജ്യാന്തര ടെർമിനൽ വികസനം: 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ, എട്ട് പുതിയ എയ്റോബ്രിഡ്ജുകൾ ഉൾപ്പെടെ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വികസനം. വിമാന പാർക്കിങ് ബേയുടെ എണ്ണം 44 ആകും.
ലക്ഷ്വറി എയ്റോ ലോഞ്ച്: യാത്രക്കാർക്ക് ചെറുവിശ്രമം. 42 ആഡംബര ഗസ്റ്റ് റൂം റസ്റ്റോറന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണം. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ച്.
അത്യാധുനിക ഇലക്ട്രോണിക് സുരക്ഷ: പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷനിലൂടെ വിമാനത്താവളത്തിന്റെ 12 കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലിൽ വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ കാമറകളും. ഇവ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോളുമായി ബന്ധിപ്പിക്കും.
സിയാൽ ഗോൾഫ് കോഴ്സ്: വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തും. റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർടി–-കോൺഫറൻസ് ഹാൾ, സ്പോർട്സ് സെന്റർ നിർമിക്കും.