ന്യൂഡൽഹി
ഉത്തർപ്രദേശിയിലെ ലഖിംപുർഖേരിയിൽ നടന്ന കർഷക കൂട്ടക്കൊലയ്ക്ക് രണ്ടുവർഷം പൂർത്തിയായ ചൊവ്വാഴ്ച രാജ്യവ്യാപകമായി കരിദിനമാചരിച്ച് കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെയും സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിചേർന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും കൂട്ടരും കർഷകർക്കിടയിലേക്ക് വാഹനം ഓടുച്ചുകയറ്റുകയായിരുന്നു. നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു.
ലഖിംപുർഖേരിയിൽ നടന്ന യോഗത്തിൽ രക്തസാക്ഷി രമൺ കശ്യപിന്റെ സഹോദരൻ പവൻ കശ്യപ്, ആക്രമണത്തിൽ പരിക്കേറ്റ തജീന്ദർ സിങ് വിർക്ക് എന്നിവർ പങ്കെടുത്തു. കൂട്ടക്കൊലയുടെ ആസൂത്രകനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുകയാണെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി. കുറ്റക്കാരെ മുഴുവൻ ശിക്ഷിക്കുംവരെ സമരം തുടരും. കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾക്കെതിരായ സംഘടിത പോരാട്ടത്തിനും യോഗം ആഹ്വാനം ചെയ്തു. കിസാൻ മോർച്ച നേതാക്കളായ തജീന്ദർ സിങ് വിർക്ക്, പി കൃഷ്ണപ്രസാദ്, റുൽഡു സിങ് മാൻസ, രമീന്ദർ സിങ് പട്യാല, മഞ്ജിത് സിങ് റായ്, ഗുർമിത് സിങ് മംഗത്, ഹാർനെറ്റ് സിങ് മെഹ്മ, ജയപ്രകാശ് നാരായൺ എന്നിവർ സംസാരിച്ചു.