ന്യൂയോർക്ക്
അമേരിക്കയിൽ മെച്ചപ്പെട്ട വേതനവും കൂടുതൽ ജീവനക്കാരും വേണമെന്ന് ആവശ്യപ്പെട്ട് 75,000ത്തിൽ അധികം ആരോഗ്യപ്രവർത്തകർ സമരത്തിലേക്ക്. സ്വകാര്യ ആരോഗ്യ സേവനദാതാക്കളായ കൈസർ പെർമനന്റയിലെ തൊഴിലാളികളാണ് ബുധൻ മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്. കൈസർ പെർമനന്റ് യൂണിയനുകളുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ പണിമുടക്ക്. തൊഴിലാളി സംഘടനകളുടെ കരാർ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇരുപക്ഷവും ചർച്ച നടത്തിയിട്ടും പുതിയ കരാറിൽ എത്തിട്ടില്ല. തുടർന്നാണ് സമരത്തിലേക്ക് നീങ്ങിയത്.
കലിഫോർണിയ, ഒറിഗോൺ, വാഷിങ്ടൺ, കൊളറാഡോ, വിർജീനിയ, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിലെ നൂറുകണക്കിനു കേന്ദ്രങ്ങളെ പണിമുടക്ക് ബാധിക്കും. നൂറുകണക്കിനു കൈസർ ആശുപത്രികളിലെ തൊഴിലാളി വിരുദ്ധ രീതികളിൽ പ്രതിഷേധിച്ചാണ് സമരം. നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ടെക്നീഷ്യന്മാർ, തെറാപ്പിസ്റ്റുകൾ, ട്രാൻസ്പോർട്ടർമാർ, ഹോം ടെക്നീഷ്യന്മാർ തുടങ്ങിയവർ പണിമുടക്കും.