തിരുവനന്തപുരം
കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിനെതിരെ ഉയർന്ന നിക്ഷേപത്തട്ടിപ്പ് ഒതുക്കിത്തീർക്കാൻ കോൺഗ്രസ് നേതൃത്വം. കേസിനുപോകരുതെന്നും പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നും നിക്ഷേപകരോട് കോൺഗ്രസ് നേതൃത്വം അഭ്യർഥിച്ചതായാണ് വിവരം. തുടർന്ന്, തൽക്കാലം തുടർനടപടികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി നിക്ഷേപകർ അറിയിച്ചു.
ഡിസിസി അംഗവും ശിവകുമാറിന്റെ മുൻപേഴ്സണൽ സ്റ്റാഫുമായിരുന്ന നേമം ശാന്തിവിള സ്വദേശി എം രാജേന്ദ്രൻ പ്രസിഡന്റായ തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടത്. രണ്ടുവർഷമായി നിക്ഷേപിച്ച തുകയോ പലിശയോ തിരിച്ചുലഭിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞദിവസം ഇടപാടുകാർ വി എസ് ശിവകുമാറിന്റെ വീടിനുമുന്നിൽ ധർണ നടത്തിയിരുന്നു.
തനിക്ക് സൊസൈറ്റിയുമായോ, രാജേന്ദ്രനുമായോ ബന്ധമില്ലെന്ന് ശിവകുമാറും ശിവകുമാറുമായി ബന്ധമില്ലെന്ന് രാജേന്ദ്രനും വിശദീകരിക്കുന്നുണ്ട്. ശിവകുമാർ ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സൊസൈറ്റി ഉദ്ഘാടനം ചെയ്തതും ശിവകുമാർ തന്നെ. വെള്ളായണിയിലെ നിർമാണ തൊഴിലാളിയായിരുന്ന രാജേന്ദ്രൻ ഡിസിസിയിൽ എത്തിയതും മൂന്നുശാഖയുള്ള സഹകരണസംഘത്തിന്റെ പ്രസിഡന്റായി വളർന്നതുമെല്ലാം പെട്ടെന്നാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വി എസ് ശിവകുമാറിനൊപ്പം രാജേന്ദ്രനെയും എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഒരു നിക്ഷേപകന്റെ പരാതിയെത്തുടർന്ന് കരമന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ശിവകുമാറിന്റെ സൊസൈറ്റിയാണ് എന്നുപറഞ്ഞാണ് നിക്ഷേപം സ്വരൂപിച്ചതെന്നും ഇടപാടുകാർ ആരോപിക്കുന്നു. നിക്ഷേപകരിൽ ഭൂരിഭാഗവും കോൺഗ്രസുകാരാണ്. ശിവകുമാറിനെ വിശ്വസിച്ചാണ് നിക്ഷേപിച്ചതെന്നാണ് അവരുടെ വാദം. 5000 രൂപമുതൽ മൂന്നരക്കോടി രൂപവരെ നിക്ഷേപിച്ചവരുണ്ട്. ചിലർ മാത്രമാണ് പരസ്യമായി രംഗത്തുവന്നത്. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഇടപാടുകാർ അറിയിച്ചിരുന്നു. എന്നാൽ, പരാതിക്കാരെ സ്വാധീനിച്ച് പിന്തിരിപ്പിക്കാനുള്ള ഇടപെടലുകൾ കോൺഗ്രസ് ആരംഭിച്ചുക്കഴിഞ്ഞു.