തിരുവനന്തപുരം
സഹകരണമേഖലയെ തകർക്കാൻ ലക്ഷ്യമിട്ട് ഇഡി നടത്തുന്ന നാടകങ്ങളിൽ കോൺഗ്രസിനോട് ഭിന്നിച്ച് മുസ്ലിംലീഗും സിഎംപിയും. ഇഡി റെയ്ഡുകൾ അവസരമാക്കി സിപിഐ എമ്മിനേയും ഇടതുസർക്കാരിനേയും ആക്രമിക്കാനാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശ്രമിക്കുന്നത്. എന്നാൽ, ഇഡിയെ പ്രോത്സാഹിപ്പിച്ചാൽ സഹകരണമേഖലയ്ക്ക് ആകെ ദോഷമുണ്ടാക്കുമെന്ന നിലപാടിലാണ് മുസ്ലിംലീഗും സിഎംപിയും. ആറിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇഡി നീക്കവും സഹകരണ വിഷയവും ചർച്ചചെയ്യും. സഹകാരികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി സിപിഐ എം നേതാക്കളെ വിയ്യൂർ ജയിലിൽ അടയ്ക്കണമെന്ന് പറയുന്ന കെ സുധാകരൻ ഇഡിയെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ല. കേരളത്തിൽ വ്യാപകമായി സഹകരണ ബാങ്കുകളിൽ കൊള്ളനടന്നിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും പറയുന്ന വി ഡി സതീശനും ഫലത്തിൽ ഇഡിക്ക് കൂട്ടുനിൽക്കുകയാണ്. ക്രമക്കേട് കണ്ടെത്തിയ 272 ൽ 202 ബാങ്കും കോൺഗ്രസിന്റേതാണെന്ന വസ്തുത മറച്ചാണ് ഇവരുടെ പ്രതികരണം.
അതേസമയം, സഹകരണമേഖലയെ ആകെ തകർക്കാനുള്ള നീക്കം ചെറുക്കണമെന്ന നിലപാടിലാണ് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സിഎംപി നേതാവ് സി പി ജോണും. ഇവർ ഇക്കാര്യം പ്രസ്താവിച്ചിട്ടുമുണ്ട്. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും കേന്ദ്ര ഏജൻസികളുടെ ദുരുദ്ദേശ്യം തുറന്നുകാട്ടിയും പൊതുനിലപാടിലേക്ക് കോൺഗ്രസിനേയും എത്തിക്കാനാണ് ശ്രമം. കരുവന്നൂരിൽ അഴിമതിനടത്തിയവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സഹകരണ വകുപ്പും ക്രൈംബ്രാഞ്ചും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ഈ ഘട്ടത്തിലാണ് ഇഡി ഏറ്റെടുത്തത്. അവർ അത് ബിജെപിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്നതിനുള്ള ഉപകരണമാക്കുകയാണ് ചെയ്യുന്നത്.
സഹകരണ മേഖലയെ തകർക്കുക
സംഘപരിവാർ അജൻഡ: പി എം എ സലാം
കേന്ദ്രസർക്കാർ സഹകരണ മേഖലയെ പിടിച്ചടക്കാൻ ശ്രമിക്കുന്നതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഴിമതിക്കഥകളുടെ മറവിൽ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയെന്നത് സംഘപരിവാറിന്റെയും അമിത്ഷായുടെയും അജന്ഡയാണെന്നും അദ്ദേഹം പറഞ്ഞു.