ന്യൂഡൽഹി
ജാതി സെൻസിൽ ഒളിച്ചുകളിക്കുന്ന കേന്ദ്ര സർക്കാരിന് തിരിച്ചടിയായി ബിഹാറിൽ സർവേ റിപ്പോർട്ട് പുറത്തിറക്കി. 13.07 കോടിയുള്ള മൊത്തം ജനസംഖ്യയുടെ 63.13 ശതമാനം പിന്നാക്ക വിഭാഗക്കാരും (ഒബിസി), അതീവ പിന്നാക്ക വിഭാഗക്കാരും (ഇഡബ്ല്യുസി) ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. 36.01 ശതമാനം അതീവ പിന്നാക്ക വിഭാഗക്കാർ. പിന്നാക്ക വിഭാഗക്കാർ 27.12 ശതമാനം. പട്ടികജാതി വിഭാഗക്കാർ 19.65. പട്ടികവർഗം–- 1.68.
സംവരണമില്ലാത്ത പൊതുവിഭാഗം–- 15.52. യാദവവിഭാഗമാണ് വലുത് (14.27 ശതമാനം). എസ്സി, എസ്ടി, പിന്നാക്ക ജനവിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ 85 ശതമാനംവരും. എന്നാൽ, ഇവർക്കുള്ള മൊത്തംസംവരണം 50 ശതമാനംമാത്രം. 15 ശതമാനം വരുന്ന മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര ഭേദഗതി പ്രകാരം 10 ശതമാനം സംവരണം അനുവദിച്ചിട്ടുമുണ്ട്.
‘ഇന്ത്യ’ കൂട്ടായ്മയിലെ പാർടികളെ ഒബിസി വിരുദ്ധരെന്ന് ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും റിപ്പോർട്ട് കനത്ത പ്രഹരമായി. വനിതാ സംവരണബിൽ കൊട്ടിഘോഷിച്ച് പാസാക്കിയ മോദി സർക്കാർ അതിൽ ഒബിസി സംവരണം ഉൾപ്പെടുത്താത്തത് രൂക്ഷ വിമർശത്തിന് ഇടയാക്കിയിരുന്നു.
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസന പദ്ധതികൾ ആവിഷ്കരിക്കാൻ ജാതി സെൻസസ് സഹായിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞു. രാജ്യത്തുടനീളം ജാതി സെൻസസ് നടപ്പാക്കണമെന്ന് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയും ആവശ്യപ്പെട്ടു. സംവരണ അനുപാതത്തിലെ വിവേചനം ദേശീയതലത്തിൽ ശക്തമായ രാഷ്ട്രീയവിഷയമാക്കി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരും. എന്നാൽ, ജാതി അടിസ്ഥാനത്തിലുള്ള വിഭജനം സൃഷ്ടിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്നു.
അതേസമയം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാതിസെൻസസ് സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ജാതി സെൻസസുമായി മുന്നോട്ടുപോകാമെന്ന പട്ന ഹൈക്കോടതി വിധിക്ക് എതിരായ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.