തിരുവനന്തപുരം
താൽക്കാലിക ഡോക്ടർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നിഴലിലാക്കാൻ നടന്ന ഗൂഢാലോചനയിൽ മാധ്യമങ്ങളും പ്രതിസ്ഥാനത്ത്. കൈക്കൂലി വാർത്ത ആദ്യം പുറത്തുവിട്ട ‘റിപ്പോർട്ടർ’ ചാനലിന്റെ മലപ്പുറത്തെ റിപ്പോർട്ടർ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ലെനിൻരാജ് കൈരളി ചാനലിനോട് വെളിപ്പെടുത്തി. ഇതേ റിപ്പോർട്ടറെ സമീപിച്ച് ചാനലിന്റെ ലോഞ്ചിങ് വാർത്തയായി ‘കൈക്കൂലിക്കേസ്’ വരുത്താമെന്ന് മലപ്പുറം സ്വദേശി ബാസിത് ഉറപ്പുനൽകുന്ന ശബ്ദരേഖയും പുറത്തുവന്നു.
പരാതിക്കാരനായ ഹരിദാസനും ബാസിതും ലെനിൻരാജും സംസാരിക്കുന്ന ശബ്ദരേഖയാണ് ചൊവ്വാഴ്ച പുറത്തുവന്നത്. മന്ത്രിയുടെ സ്റ്റാഫംഗത്തെ അഖിൽ തോമസ് എന്നാണ് പരിചയപ്പെടുത്തുന്നത്. ചാനൽ റിപ്പോർട്ടറുമായി സംസാരിച്ച് മറ്റുകാര്യങ്ങൾ സംസാരിക്കാമെന്നും ചാനലിന്റെ ലോഞ്ചിങ് വാർത്ത ഇതായിരിക്കുമെന്നും ബാസിത് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. ഇതിനെല്ലാം ശേഷമാണ് തിരക്കഥ രൂപപ്പെടുത്തിയതും വാർത്തയുണ്ടാക്കി മന്ത്രിയുടെ ഓഫീസിനെ സംശയനിഴലിലാക്കാൻ നീക്കമുണ്ടായതും. സംഭവത്തിൽ 75,000 രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ലെനിൻ പറയുന്നു. ഇക്കാര്യത്തിലും പൊലീസ് അന്വേഷണമുണ്ടാകും. അതിനിടെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസിൽ അഭിഭാഷകനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന് ആയുഷ് മിഷന്റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട് കൊയിലാണ്ടി എകരൂൽ സ്വദേശി എം കെ റയീസാണ് അറസ്റ്റിലായത്.