ന്യൂഡൽഹി > നൈപുണ്യവികസനപദ്ധതി കുംഭകോണവുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ഫയൽ ചെയ്ത ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കേസിൽ ഇടക്കാലആശ്വാസം അനുവദിക്കണമെന്ന ചന്ദ്രബാബുനായിഡുവിന്റെ ആവശ്യം തളളിയ സ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ ബെഞ്ച്
ആന്ധ്രാപ്രദേശ് സർക്കാരിന് നോട്ടീസ് അയക്കാൻ ജനിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും സുപ്രീംകോടതിയിലും സമർപ്പിക്കാൻ നിർദേശം നൽകി. ഈ കേസിൽ അഴിമതിനിരോധന നിയമത്തിലെ 17 എ വകുപ്പ് ബാധകമാക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
371 കോടിയുടെ നൈപുണ്യവികസന പദ്ധതി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ സെപ്തംബർ ഒമ്പതിനാണ് ആന്ധ്രാപ്രദേശ് സിഐഡി വിഭാഗം ചന്ദ്രബാബുനായിഡുവിനെ അറസ്റ്റ് ചെയ്തത്. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. അഴിമതി നിരോധനവകുപ്പിലെ 17 എ വകുപ്പ് അനുസരിച്ച് പൊതുപ്രവർത്തകനായ തന്റെ കക്ഷിക്ക് എതിരെ ഗവർണറുടെ മുൻകൂർ അനുമതി വാങ്ങാതെ അന്വേഷണം നടത്താനാകുമോയെന്ന വസ്തുത കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ്സാൽവേ വാദിച്ചു. എന്നാൽ, 2018ലാണ് അഴിമതിനിരോധന നിയമത്തിൽ 17 എ വകുപ്പ് ഉൾപ്പെടുത്തിയതെന്നും കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത് അതിന് മുമ്പാണെന്നും സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്തഗി ചൂണ്ടിക്കാണിച്ചു.