ന്യൂഡൽഹി > സംസ്ഥാനത്ത് നടത്തിയ ജാതി സർവേയുടെ റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ സർക്കാർ. സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും പിന്നാക്ക വിഭാഗക്കാരാണെന്നാണ് സർവേ റിപ്പോർട്ട്. ഇതിൽ 36 ശതമാനം അതിപിന്നാക്ക വിഭാഗക്കാരാണ്. പട്ടികജാതി വിഭാഗം 19.65 ശതമാനവും പട്ടികവർഗക്കാർ 1.68 ശതമാനവുമാണ്. 15.52 ശതമാനമാണ് ജനറൽ വിഭാഗക്കാർ. 13കോടിയാണ് സംസ്ഥാനത്തെ ആകെ ജനസംഖ്യ.
ഭൂമിഹാർ 2.86 ശതമാനം, ബ്രാഹ്മണർ 3.66 ശതമാനം, മുശാഹർ 3 ശതമാനം, യാദവർ 14 ശതമാനം എന്നിങ്ങനെയാണ് സെൻസെസ് പ്രകാരമുള്ള കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികൾ .0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനർ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനമാണ്.
സെൻസസ് എല്ലാവർക്കും ഗുണകരമാകുമെന്നും ദരിദ്രരുൾപ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും റിപ്പോർട്ട് പുറത്തുവിട്ടതിനു ശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. സർവേക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും മുഖ്യമന്ത്രി അഭിനന്ദമറിയിക്കുകയും ചെയ്തു. സർവേ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ റിപ്പോർട്ടിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്.