ന്യൂഡൽഹി > “ന്യൂസ് ക്ലിക്ക്’ മാധ്യമവുമായി ബന്ധപ്പെട്ട റെയ്ഡില് പ്രതിഷേധം അറിയിച്ച് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമസ്വാതന്ത്ര്യം തകര്ന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഡൽഹിയിൽ “ന്യൂസ്ക്ലിക്ക്’ മായി ബന്ധപ്പെട്ട് നടന്ന റെയ്ഡ്. ഇതാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ. എന്താണ് അന്വേഷിക്കുന്നതെന്നോ റെയ്ഡ് എന്തിനെന്നും അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ്ക്ലിക്ക് മാധ്യമ പ്രവര്ത്തകര്ക്കെതിരെ ചുമത്തിയതെന്നും അറിയില്ല. എന്താണ് ഭീകരവാദ ബന്ധം എന്നും അറിയില്ലെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ന്യൂസ് ക്ലിക്കില് ജോലി ചെയ്യുന്ന ഒരാള് തന്റെ ഓഫീസ് ജീവനക്കാരന്റെ മകനാണ്. ആ വ്യക്തി അവിടെയാണ് താമസിക്കുന്നതെന്നും റെയ്ഡില് ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല് ഉപകരണങ്ങള് പിടിച്ചെടുത്തുവെന്നും യെച്ചൂരി അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് എന്നത് ഇപ്പോഴും വിശദീകരിച്ചിട്ടില്ല. ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. തന്റെ പേരിലുള്ള വസതിയിലും ഓഫീസുകളിലും റെയ്ഡ് നടത്തിയെന്നും യെച്ചൂരി പറഞ്ഞു.
മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്ത്തകരുടെ വീടുകളിലും ഡൽഹി പൊലീസാണ് റെയ്ഡ് നടത്തിയത്. മാധ്യമപ്രവര്ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, ഊര്മിലേഷ്, പ്രബിര് പുര്കയസ്ത, അഭിസാര് ശര്മ, ഔനിന്ദ്യോ ചക്രവര്ത്തി സാംസ്കാരിക പ്രവര്ത്തകന് സൊഹൈല് ഹാഷ്മി എന്നിവരുടെ ഡൽഹിയിലെ വസതിയിലും റെയ്ഡ് നടത്തി.
ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ന്യൂസ്ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്ത്തകരെ പൊലീസ് റെയ്ഡ് ചെയ്യുന്നത്. ചോദ്യം ചെയ്തതായും ലാപ്ടോപുകളും മൊബൈല് ഫോണുകളും പിടിച്ചെടുത്തതായും ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും വിവരമുണ്ട്.