ന്യൂഡല്ഹി>ഇന്ത്യയുടെ സഹായവും സഹകരണവും ലഭിക്കാത്തതിനെത്തുടർന്ന് രാജ്യത്തെ അഫ്ഗാൻ എംബസിയുടെ പ്രവർത്തനം 22 വർഷത്തിനുശേഷം അവസാനിപ്പിച്ചു. അങ്ങേയറ്റത്തെ ദുഃഖത്തോടെയും നിരാശയോടെയുമാണ് തീരുമാനമെന്നും ആതിഥേയ രാഷ്ട്രമായ ഇന്ത്യയോട് പരാതി പറഞ്ഞിട്ടും നിർണായക നയതന്ത്ര പിന്തുണയുണ്ടായില്ലെന്നും നയതന്ത്ര പ്രതിനിധികൾക്ക് വിസ നിഷേധിച്ചെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിൽ നയതന്ത്ര പിന്തുണ ലഭിക്കാത്തതും കാബൂളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അഭാവവും തടസ്സമായി.
ദൗർഭാഗ്യകരമായ സംഭവങ്ങൾമൂലം നയതന്ത്ര പ്രതിനിധികളുടെയും വിഭവങ്ങളുടെയും എണ്ണത്തിലുണ്ടായ കുറവ് ദൈനംദിന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയുണ്ടാക്കി. അതേസമയം വിയന്ന കൺവൻഷൻ അനുസരിച്ച് എംബസി കെട്ടിടം ഇന്ത്യ ഏറ്റെടുക്കുംവരെ അടിയന്തര കോൺസുലർ സേവനങ്ങൾ അഫ്ഗാൻ പൗരന്മാർക്ക് തുടർന്നും നൽകും.
എംബസി കെട്ടിടത്തിൽ തുടർന്നും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ പതാക അനുവദിക്കണമെന്നും ഭാവിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയാൽ കെട്ടിടം അവർക്ക് കൈമാറണമെന്നും എംബസി ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികൾ മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിക്കുമെന്ന വാർത്തകളെയും തള്ളി. അതേസമയം താലിബാൻ സർക്കാരിന്റെ നിർദേശമനുസരിച്ച് ആരെങ്കിലും പ്രവർത്തിച്ചാൽ അത് ജനാധിപത്യ സർക്കാരിന്റെ നയങ്ങൾക്കെതിരാണെന്നും എംബസി വ്യക്തമാക്കി.
2021 ആഗസ്തിൽ താലിബാൻ ഭീകരർ കാബൂൾ പിടിച്ചെടുക്കുന്നതിന് മുമ്പ് യുഎഇയിലേക്ക് പലായനം ചെയ്ത പ്രസിഡന്റ് അഷ്റഫ് ഗനിയോട് കൂറുപ്രഖ്യാപിച്ച് പ്രവർത്തിച്ച എംബസിയാണ് ഇന്ത്യയിലേത്. മുംബൈയിലെയും ഹൈദരാബാദിലെയും കോൺസുലേറ്റുകൾ താലിബാൻ ഭരണനേതൃത്വത്തെ അംഗീകരിക്കുന്നവയാണ്. അവ പ്രവർത്തനം തുടരും.