തിരുവനന്തപുരം
നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീടിനുമുന്നിൽ സമരം. ഡിസിസി അംഗവും ശിവകുമാറിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന എം രാജേന്ദ്രൻ പ്രസിഡന്റായ തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഇരുപതോളം നിക്ഷേപകരാണ് ഞായർ രാവിലെ സമരത്തിനെത്തിയത്.
അഞ്ചുലക്ഷംമുതൽ അരക്കോടി രൂപ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപകരിൽ ഭൂരിഭാഗവും കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ്. മൂന്നരക്കോടി രൂപ നിക്ഷേപിച്ചിട്ട് ഒരിക്കൽപ്പോലും പലിശ ലഭിച്ചില്ലെന്ന് ഒരു കുടുംബം മാധ്യമങ്ങളോടുപറഞ്ഞു. ശിവകുമാറിന്റെ പേരുപറഞ്ഞാണ് രാജേന്ദ്രൻ പണം സമാഹരിച്ചതെന്നും ശിവകുമാറും നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചെന്നും സമരക്കാർ പറഞ്ഞു.
ശിവകുമാറാണ് 2006ൽ സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. നിലവിൽ 13 കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ട്. മൂന്ന് ശാഖകളുള്ള സൊസൈറ്റിയുടെ കിള്ളിപ്പാലത്തെ ആസ്ഥാനം അടച്ചുപൂട്ടി. പൊലീസെത്തി ചർച്ച നടത്തുംവരെ നിക്ഷേപകർ ശിവകുമാറിന്റെ വീടിനുമുന്നിൽ തുടർന്നു. മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പരാതി നൽകുമെന്നും അവർ പറഞ്ഞു. എന്നാൽ, സഹകരണ സംഘവുമായി ബന്ധമില്ലെന്ന് ശിവകുമാർ അറിയിച്ചു.|
നിക്ഷേപത്തട്ടിപ്പിന് കരമന പൊലീസ് രാജേന്ദ്രനെ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ രാജേന്ദ്രനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശിവകുമാറിന്റെ ബിനാമിയാണ് ഇദ്ദേഹമെന്നും ആക്ഷേപമുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടവേ, നിക്ഷേപത്തട്ടിപ്പ് ആരോപണം ശിവകുമാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.