ന്യൂഡൽഹി > മണിപ്പുരിൽ ജൂലൈ മാസത്തിൽ മെയ്തി വിഭാഗക്കാരായ രണ്ട് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്ത് സിബിഐക്ക് കൈമാറി. രണ്ട് വിദ്യാർഥിളെ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റിലായ നാലുപേരെയും വിമാനമാർഗം ഗുവാഹത്തിയിലേക്ക് മാറ്റി.
മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ള വിദ്യാർത്ഥികൾ പെൺകുട്ടികളാണ്. പോമിൻലുൻ ഹാവോകിപ്, മൽസോൺ ഹാവോകിപ്, ലിങ്നിചോങ് ബെയ്തെ, തിന്നെഖോൽ എന്നിവരാണ് അറസ്റ്റിലായത്.
കേന്ദ്രസേനയുടെയും പൊലീസിന്റെയും സംയുക്ത നീക്കത്തെ തുടർന്നാണ് അറസ്റ്റ്. നാലുപേരെയും റോഡുമാർഗം വേഗത്തിൽ വിമാനതാവളത്തിൽ എത്തിച്ചു. അവിടെ കാത്തുനിന്ന സിബിഐ സംഘത്തിന് കൈമാറി. അടുത്ത വിമാനത്തിൽ തന്നെ അറസ്റ്റിലായവരുമായി സിബിഐ സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചു.
തീവ്രവാദബന്ധം ആരോപിച്ച് എൻഐഎ കുകി വിഭാഗത്തിൽപ്പെട്ട ഒരാളെ ചുരചന്ദ്പ്പുരിൽ നിന്ന് അറസ്റ്റുചെയ്തു. ഇയാളെ പിന്നീട് വിമാനമാർഗം ഡൽഹിയിൽ എത്തിച്ചു. ജൂൺ 21 ന് ചുരചന്ദ്പ്പുർ–- ബിഷ്ണുപ്പുർ അതിർത്തിമേഖലയായ ക്വാത്കയിൽ ബോംബാക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. മൂന്നുപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
സീമിൻലും ഗാങ്തെ എന്നയാണ് ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായത്. കുകി തീവ്രവാദസംഘടനകളുമായും ബംഗ്ലാദേശിലെയും മ്യാൻമാറിലെയും ഭീകരസംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നെ ആളെന്നാണ് ഗാങ്തെയെ എൻഐഎ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെയും മ്യാൻമാറിലെയും ബംഗ്ലാദേശിലെയും കുകി മേഖലകൾ പ്രത്യേകമായി അടർത്തിമാറ്റി കുകി രാജ്യം സ്ഥാപിക്കുകയാണ് ഗാങ്തെയുടെ ലക്ഷ്യമെന്നും എൻഐഎ ആരോപിക്കുന്നു. ഗാങ്തെയും സംഘവും ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന ഗുരുതര ആരോപണവും എൻഐഎ മുന്നോട്ടുവെയ്ക്കുന്നുണ്ട്.