കോട്ടയം > ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറത്ത് പഞ്ചായത്ത് ഓഫീസിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മാതാപിതാക്കളും മക്കളും അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. ഞായർ വൈകിട്ട് നാലോടെയായിരുന്നു അപകടം. പരിക്കേറ്റ തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജ് (38), ഭാര്യ സോണിയ (35), മക്കളായ ആൻമേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജിനോഷിനെ പിന്നീട് വിദഗ്ദ ചികിത്സക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങനാശേരിയിൽനിന്ന് തൃക്കൊടിത്താനം വഴി തെങ്ങണ ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് എതിർദിശയിലൂടെ ചങ്ങനാശേരി ഭാഗത്തേക്ക് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുത്തിറക്കമായതിനാൽ ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേർന്ന് കാർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊള്ളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അപകടത്തിൽ ബസിന്റെ വലത്തുവശത്തെ മുൻഭാഗത്തെ ടയർ പൊട്ടി. ചങ്ങനാശേരി അഗ്നിക്ഷാ നിലയം അസി. സ്റ്റേഷൻ ഓഫീസർ വി ഷാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജീഷ് കുമാർ, കെ സതീഷ്കുമാർ, കെ എം മനോജ്, പി ബെന്നി, നിഷാദ്, ഗണേഷ്, വി വിനോദ്, യു സജി, വി എസ് ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.