തൃശൂർ
കരുവന്നൂർ സർവീസ് സഹകരണബാങ്ക് വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ ചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ കബളിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവുമായ പി ആർ അരവിന്ദാക്ഷനെതിരെ നൽകിയ റിപ്പോർട്ടിലാണ് തെറ്റായ വിവരങ്ങൾ നൽകിയത്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ 63,56,460 രൂപയുടെ ഇടപാട് നടന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തത വേണമെന്നുമാണ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇഡി നൽകിയ റിപ്പോർട്ട്. എന്നാൽ ഈ അക്കൗണ്ട് മറ്റൊരു ചന്ദ്രമതിയുടേതാണെന്ന് വ്യക്തമായി.
വടക്കാഞ്ചേരി നഗരസഭ 26 –-ാം വാർഡ് പർളിക്കാട് രാഘവന്റെ ഭാര്യ ചന്ദ്രമതി എന്നാണ് അരവിന്ദാക്ഷന്റെ അമ്മയുടെ മേൽവിലാസം. നഗരസഭയിലെ 28 –-ാം വാർഡ് പാലയിൽ വീട്ടിൽ രാഘവന്റെ ഭാര്യ ചന്ദ്രമതി എന്ന പേരിൽ ഇതേ ബാങ്കിൽ അക്കൗണ്ടുണ്ട്. അതിൽ 63,56,460 രൂപയുടെ ഇടപാട് നടന്നിട്ടുമുണ്ട്. ഇവരുടെ മകനാണ് ശ്രീജിത്ത്. ഇദ്ദേഹം ചന്ദ്രമതിയുടെ നോമിനിയുമാണ്. ഈ ചന്ദ്രമതിയുടെ അക്കൗണ്ടിലെ ഇടപാട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേതെന്ന് സ്ഥാപിച്ചാണ് കോടതിയിൽ ഇഡി തെറ്റായ റിപ്പോർട്ട് കൊടുത്തത്. ഇങ്ങനെയൊരു മകൻ അരവിന്ദാക്ഷന്റെ അമ്മയായ ചന്ദ്രമതിക്കില്ലെന്നും ഇഡി റിപ്പോർട്ടിലുണ്ട്. കേസിലെ ഒന്നാംപ്രതി സതീഷ്കുമാറിന്റെ സഹോദരന്റെ പേര് ശ്രീജിത്ത് എന്നാണ്. ഈ ശ്രീജിത്തും ചന്ദ്രമതിയമ്മയുടെ അക്കൗണ്ടിലെ നോമിനിയും ഒരാൾ തന്നെയെന്ന് സ്ഥാപിക്കാനും അതുവഴി അരവിന്ദാക്ഷനെ കുരുക്കാനും ലക്ഷ്യമിട്ടുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങൾ.
ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്ന അക്കൗണ്ടിന്റെ ഉടമയായ പാലയിൽ വീട്ടിൽ ചന്ദ്രമതി കഴിഞ്ഞവർഷവും റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് രാഘവൻ മൂന്ന് വർഷം മുമ്പും മരിച്ചു. മറ്റൊരു അക്കൗണ്ടിൽ നടന്ന ഇടപാടിനെ അരവിന്ദാക്ഷന്റെ പേരിലാക്കി പണത്തിന്റെ ഉറവിടം വ്യക്തമാക്കിയില്ലെന്ന് കാണിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ജാമ്യാപേക്ഷ മാറ്റി
പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതി പത്തിലേക്ക് മാറ്റി. ശനിയാഴ്ച പരിഗണിക്കാനിരുന്ന അപേക്ഷ ജഡ്ജി അവധിയായതിനെ തുടർന്നാണ് മാറ്റിയത്.
കണ്ണില്ലാതെ മാധ്യമങ്ങൾ
കോടതിയെ കബളിപ്പിച്ച് ഇഡി നൽകിയ റിപ്പോർട്ട് മുൻനിർത്തി മാധ്യമങ്ങൾ ചമച്ചത് കെട്ടുകഥകൾ. അരവിന്ദാക്ഷന്റെ 91 വയസ്സുള്ള വൃദ്ധമാതാവിനെ അപമാനിച്ചു വാർത്തകൾ നൽകാൻ മാധ്യമങ്ങൾ മത്സരിച്ചു.
കർഷകത്തൊഴിലാളി പെൻഷൻ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ 63 ലക്ഷം നിക്ഷേപം എന്ന മട്ടിലായിരുന്നു വാർത്തകൾ. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ ഇത്രയും വലിയ ഇടപാട് നടന്നിട്ടില്ല.
ആധാരം തിരികെ നൽകാത്തത്
ഇഡി വിശദീകരിക്കണം: ഹൈക്കോടതി
കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് പിടിച്ചെടുത്ത ആധാരങ്ങൾ ബാങ്കിന് തിരികെ നൽകാത്തതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശദീകരണം തേടി ഹൈക്കോടതി. ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് തൃശൂർ സ്വദേശി ഫ്രാൻസിസ് നൽകിയ ഹർജിയിലാണ് നടപടി. ആധാരം നൽകാതിരിക്കാൻ ഇഡിക്ക് മതിയായ കാരണങ്ങളുണ്ടെങ്കിൽ ബുധനാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ നിർദേശം.
കരുവന്നൂർ ബാങ്കിന്റെ കൈവശമുള്ള രേഖകളിൽ ചിലത് കേസന്വേഷണത്തിനെന്ന പേരിൽ ഇഡി കൊണ്ടുപോയിട്ടുണ്ടെന്നും രേഖകൾ കേസന്വേഷണത്തിന് ആവശ്യമുള്ളതാണോ എന്ന് ഇഡിയോട് ആരായണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചും ചില രേഖകൾ കൊണ്ടുപോയിട്ടുണ്ട്. സർക്കാരിന്റെ വിശദീകരണം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
അമ്പതുസെന്റ് സ്ഥലം പണയപ്പെടുത്തിയാണ് കരുവന്നൂർ ബാങ്കിൽനിന്ന് ഫ്രാൻസിസ് വായ്പ എടുത്തത്. വായ്പ അടച്ചുതീർത്തിട്ടും ഭൂമിയുടെ ആധാരം തിരിച്ചുകിട്ടിയില്ല. ആധാരം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോൾ ഇഡിയുടെ കസ്റ്റഡിയിലാണെന്നാണ് മറുപടി നൽകിയത്. ഇതോടെയാണ് ഫ്രാൻസിസ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാലിന് വീണ്ടും പരിഗണിക്കും.
ഇഡി വാദങ്ങളെല്ലാം പൊളിയുന്നു
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ എൻഫോഴ്സമെന്റ ഡയറക്ടറേറ്റ് മാധ്യമങ്ങൾക്ക് നൽകുന്ന വാർത്തകൾ പൊളിയുന്നു. 400 കോടിയുടെ വെട്ടിപ്പ് നടന്നുവെന്ന് ഇഡിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ നൽകിയ വാർത്ത ആദ്യം പൊളിഞ്ഞു. അവിടെ ക്രമരഹിതമായി നടന്നത് 109 കോടി രൂപയുടെ വായ്പാ തട്ടിപ്പാണെന്ന് വസ്തുത പുറത്തുവന്നു. കേസിൽ രണ്ടുപേരെ ആദ്യം ഇഡി അറസ്റ്റുചെയ്തു. കൂടുതൽ പേരെ ചോദ്യം ചെയ്യാനും വിളിപ്പിച്ചു. ഇവരുടെ സ്വത്ത് വിവരങ്ങളും ശേഖരിച്ചു. പിന്നീട് സിപിഐ എം നേതാക്കളെ പുകമറയിൽ നിർത്താൻ സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തി. അടുത്ത ദിവസം ഇഡി ഇറക്കിയ വാർത്താക്കുറിപ്പിൽ മൊയ്തീന്റെ 15 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്ന തരത്തിൽ പ്രചരിപ്പിച്ചു. എന്നാൽ 28 ലക്ഷം രൂപയൂടെ സ്വത്തു വിവരം മാത്രമാണ് ഇഡി ശേഖരിച്ചതെന്ന വസ്തുതയും പുറത്തുവന്നു.
അയ്യന്തോൾ, തൃശൂർ സർവീസ് സഹകരണ ബാങ്കുകളിൽ ഇഡി റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നാൽ ക്രമരഹിതമായി ഒന്നും അവിടെനിന്ന് കണ്ടെത്താനായില്ല. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിടുന്നുവെന്നും ബിനാമി ഇടപാടുകളുണ്ടെന്നും ഇല്ലാത്ത സൂചന നൽകി ഇഡി പുകമറസൃഷ്ടിക്കുന്നു. ഇപ്പോൾ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനെ ജയിലിലടയ്ക്കാൻ ഇഡി ഉപയോഗിച്ചത് വ്യാജരേഖ എന്ന വസ്തുതയും പുറത്തുവന്നതോടെ ഇഡിയുടെ ഇടപെടലുകളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വ്യക്തം.
അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ 63 ലക്ഷം ബാങ്ക് നിക്ഷേപമെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ കോടതിയിൽ നൽകിയ റിപ്പോർട്ട് വ്യാജമാണെന്ന് തെളിഞ്ഞു. മറ്റൊരു ചന്ദ്രമതിയുടെ പേരിലുള്ള ഇടപാടിനെ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലാണെന്ന് കള്ളം പറഞ്ഞ് അതിന് അരവിന്ദാക്ഷൻ ഉത്തരം നൽകിയില്ലെന്നും കാണിച്ചാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.