കോട്ടയം
കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ സഹകരണ പുനരുദ്ധാരണ നിധിയിൽനിന്നുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. അടുത്ത ആഴ്ചയോടെ പ്രാവർത്തികമാകും. ഇക്കാര്യത്തിന് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിക്ഷേപകർക്ക് ഒരു ആശങ്കയും വേണ്ട. ക്രമക്കേട് പുറത്തറിഞ്ഞ ഉടൻ കൃത്യമായ നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട ജീവനക്കാർ, ബോർഡ്, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയെല്ലാം നടപടിയെടുത്തു. 73 കോടി രൂപ നിക്ഷേപകർക്ക് മടക്കി നൽകി. 130 കോടിരൂപയുടെ നിക്ഷേപം പുന: ക്രമീകരിച്ചു. 36 കോടി ബാങ്കിലേക്ക് വന്നു. ബാങ്ക് നല്ല രീതിയിലേക്ക് വരുന്നു. സ്വർണപ്പണയ വായ്പ തുടങ്ങി. സാധാരണ വായ്പകളും ഉടൻ നൽകാനാകും.
ഇപ്പോൾ ചുമതലയിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഫലപ്രദമായ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇഡി കൊണ്ടുപോയ ആധാരങ്ങൾ തിരികെ കിട്ടാൻ ബാങ്കും ഇടപാടുകാരും നിയമ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.